മൊബൈല്‍ പേയ്മെന്റ് സേവന ദാതാക്കളായ ഗൂഗിള്‍ പേ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സുമായി കൈകോര്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവര്‍ക്ക് അനായാസമായി സ്വര്‍ണ വായ്പകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശ്യം. യു.പി.ഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേയ്ക്ക് രാജ്യത്ത് 20 കോടിയിലധികം സജീവ ഇടപാടുകാരാണുള്ളത്. ഇതു വഴി പ്രതിമാസം 7.5 ലക്ഷം കോടി മൂല്യം വരുന്ന 560 കോടി ഇടപാടുകളും നടക്കുന്നു. സ്വര്‍ണ വായ്പാ സ്ഥാപനങ്ങളില്‍ ഏറ്റവും മുന്നിലുള്ള മുത്തൂറ്റ് ഫിനാന്‍സ് 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന സംയോജിത സ്വര്‍ണ പണയ വായ്പ ആസ്തി 98,048 കോടി രൂപയാണ്. കമ്പനിയുടെ ജൂണ്‍ പാദത്തിലെ സംയോജിത ലാഭം 1,196 കോടിയും. മൊത്തം ഇക്കാലയളവില്‍ നല്‍കിയ സ്വര്‍ണ വായ്പ 73,648 കോടി രൂപയാണ്. രാജ്യത്തെമ്പാടുമായി 4,800 ശാഖകളും കമ്പനിക്കുണ്ട്. 194 ടണ്‍ സ്വര്‍ണമാണ് കമ്പനിയുടെ കൈവശം ഈടായുള്ളത്. പ്രതിദിനം രണ്ട് ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നു.