മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടി. ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നു.ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

പി ശശിക്കെതിരായ പിവി അൻവറിന്‍റെ ആരോപണങ്ങളെ അര്‍ഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.പി വി അൻവറിന്‍റെ ലക്ഷ്യം സിപിഐഎമ്മും എൽഡിഎഫ് സർക്കാരുമാണ്.ഇനിയിപ്പോ അൻവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അതിനെയും നേരിട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്നാഴ്ച സമയം നീട്ടി നൽകി കോടതി .അവസാന അവസരമെന്ന പരാമർശത്തോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമയം നീട്ടി നൽകിയത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ  സർക്കാരിനൊപ്പം ദേവസ്വങ്ങൾക്കും കോടതി സമയം അനുവദിച്ചു.

തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിനു പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ആരാണ് തെറ്റ് ചെയ്തത് എന്നുള്ള ഗൂഢാലോചന കണ്ടെത്തി ജനങ്ങളെ അറിയിക്കണമെന്ന് പറഞ്ഞ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, നാളെ പൂരം കാണാൻ എത്തുന്നവരുടെ പേരിലും കേസെടുക്കുമോയെന്നും ചോദിച്ചു.പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, അന്വേഷണം കൊണ്ട് ഒരു ഫലവും ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും, സത്യം പുറത്തു വരാൻ സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

 

പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും ,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ്  കെ.എം ഷാജി.ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo.ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയാ പോലെ,.കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.ധീരമായ നിലപാട് എടുത്താണ് അനവർ നീങ്ങുന്നതെന്നും കെഎം ഷാജി പറഞ്ഞു.

കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സെപ്തംബർ മാസത്തിൽ കെഎസ്ആർടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.  കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു. ഈ ചരിത്ര നേട്ടത്തിൽ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

ദി ഹിന്ദു പത്രത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ പരാതി നൽകി. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തെക്കുറിച്ചുള്ള വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല.അഭിമുഖം നടക്കുമ്പോള്‍ തന്‍റെ  മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്.നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് കെ.സുരേന്ദ്രൻ.ഒരു കള്ളം മറയ്ക്കാൻ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി.മാദ്ധ്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ റൂമിൽ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാൽ അത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല,മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് നീതി പുലർത്തണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ ഉടൻ മന്ത്രിയായി നിയമിക്കില്ല. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി, തീരുമാനത്തിനായി കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

എഡിജിപിയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. വയനാട് ഉരുള്‍പൊട്ടലിൽ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ആംബുലന്‍സുകള്‍ പൊലീസ് തടയുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് എഡിജിപി എംആര്‍ അജിത് കുമാറിനെ കണ്ടതെന്നും നാലു മിനുട്ടായിരുന്നു കൂടിക്കാഴ്ചയെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി. ജലീല്‍ എം.എല്‍.എ.അദ്ദേഹത്തിന് മനപ്പൂര്‍വം തെറ്റ് സംഭവിക്കില്ല എന്നതില്‍ 101 ശതമാനം ഉറപ്പുണ്ടെന്ന് ജലീല്‍ പറഞ്ഞു. മൂന്ന് കൂട്ടത്തിലുള്ള വര്‍ഗീയ ശക്തികളും മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും ഒരേസമയം ആക്രമിക്കുന്നുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

പി.വി. അന്‍വറിനെ വര്‍ഗീയതയുടെ കുഴിയില്‍ വീഴ്ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കെ.ടി ജലീല്‍. അന്‍വര്‍ മതനിരപേക്ഷവാദിയാണ്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിനെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്തതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.

 

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനേയും മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പി.വി. അൻവർ എം.എൽ.എ. പാർട്ടിക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഒരു അഭിപ്രായം പറയാൻ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാരൻ പാർട്ടി നേതൃത്വത്തിൽ ഇല്ലാത്തതിന്റെ ദുരന്തമാണ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നതെന്നും പി.വി. അൻവർ ആരോപിച്ചു.

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സംസ്കാരം നാളെ പത്തനംതിട്ടയിൽ നടത്തും. 1968 ലെ അപകടത്തിൽ കാണാതായ മറ്റ് സൈനികർക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പോലും കേൾക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

അർജുനെ കാണാതയ സംഭവത്തിൽ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും, അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.

ഷിരൂരില്‍ മണ്ണിടിച്ചലില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും.ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സഹായധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

സ‍ർക്കാർ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും, വാഹനാപകടത്തിൽ വരനും നഷ്ടപ്പെട്ട ശ്രുതി. വയനാട്ടില്‍ തന്നെ ജോലി ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. ജോലി കിട്ടുമെന്നത് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്. ഒരു കാലിന് ശസ്ത്രക്രിയ ഇനി പൂര്‍ത്തിയാകാനുണ്ടെന്നും ശ്രുതി പറഞ്ഞു.

 

സഹകരണ ബാങ്കിലെ നിക്ഷേപം ഒരു മാസത്തിനുള്ളിൽ തിരികെ കൊടുക്കാൻ ബാങ്ക് സെക്രട്ടറിയോട് ലോകായുക്തയുടെ നിർദേശം. പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സെക്രട്ടറിയോടാണ് ലോകായുക്തയുടെ ഉത്തരവ്.വിമുക്ത ഭടനായ മുഹമ്മദ്, ഭാര്യ ഖദീജ മുഹമ്മദ്‌ എന്നിവരാണ് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിനെതിരെ ലോകായുക്തയെ സമീപിച്ചത്.  കേസ് ഫയലിൽ സ്വീകരിച്ച ശേഷം നവംബ‍ർ 11ന് നേരിട്ട് ഹാജരാവാൻ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

ഹേമ കമ്മിറ്റിക്ക് മുന്നിൽ പീഡനപരാതികളുൾപ്പെടെ ഉന്നയിച്ചവരിൽ പലരും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യപ്പെടുന്നില്ലെന്നാണ് അ‌റിയിച്ചതെന്ന് പ്രത്യേക അ‌ന്വേഷണസംഘം ഹൈക്കോടതിയിൽ. വ്യാഴാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അ‌ന്വേഷണസംഘം ഇക്കാര്യം അ‌റിയിച്ചത്. പോക്സോ കേസുകൾ എടുക്കാവുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

 

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

കെഎസ്ആർടിസി ബസ് ഇടിച്ചു അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി മരിച്ചു.അരുൺ-അശ്വതി ദമ്പതികളുടെ മകൾ ആരാധ്യയാണ് മരിച്ചത്. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

ഇരിട്ടിയിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. ചെടിക്കുളം സ്വദേശി ജോബിനാണ് വട്ട്യാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. സുഹൃത്തുക്കളായ കെ കെ സക്കറിയ, പി കെ സാജിർ, എ കെ സജീർ എന്നിവരാണ് പിടിയിലായത്.

ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൌണ്ടേഷനിലെ തമിഴ്നാട് പൊലീസിന്‍റെ പരിശോധന തടഞ്ഞു സുപ്രീംകോടതി. ആശ്രമത്തിൽ തന്‍റെ പെൺമക്കളെ അനധികൃതമായി തടങ്കലിലാക്കിയെന്ന് കാട്ടി കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജി മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.

ആറ് വയസുകാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ  ശ്വാസംമുട്ടിച്ച് കൊന്ന പ്രിൻസിപ്പലിനെതിരെ നൽകിയത് 1700 പേജുള്ള കുറ്റപത്രം. കൊലപാതകം നടന്ന് 12 ദിവസത്തിനുള്ളിലാണ് ഗുജറാത്തിലെ ദഹോദിൽ  പൊലീസ് റെക്കോർഡ് പേജ് നമ്പറുകളോടെ കുറ്റപത്രം നൽകിയത്.  ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെതിരായ കുറ്റപത്രം നൽകിയിരിക്കുന്നതെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി വിശദമാക്കിയത്.

വിനായക് ദാമോദർ സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമർശം വിവാദത്തിൽ. സവ‍ർക്കർ ഒരു മാംസഭുക്കായിരുന്നുവെന്നും ബീഫ് കഴിക്കുമായിരുന്നുവെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞതാണ് വിവാദമായത്. സവ‍ർക്കർ‌ ഗോവധത്തിനെതിരായിരുന്നില്ലെന്നും ​ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഓൺലൈൻ ആപ്പായ ഹൈബോക്സിലൂടെ വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിൽ ദില്ലി പൊലീസ്ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ ശിവറാമാണ് അറസ്റ്റിലായത്. ആപ്പിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്‍മാര്‍ക്ക്  ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് നോട്ടീസ് നൽകി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍. മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇക്കാര്യം ഇസ്രയേല്‍ സേന പ്രസ്താവനയിലൂടെ അറിയിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *