തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര് ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബബ്ലി ബൗണ്‍സറിലെ വീഡിയോ ഗാനം പുറത്തെത്തി. മാഡ് ബന്കേ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. സംഗീതം തനിഷ്ക് ബാഗ്ചി. അസീസ് കൌറും റോമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മധുര് ഭണ്ഡാര്ക്കര്ക്കൊപ്പം അമിത് ജോഷി, ആരാധന ദേബ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിഷേക് ബജാജ്, സഹില്‍ വാഹിദ്, സാനന്ദ് വര്‍മ്മ, സൌരഭ് ശുക്ല, സബ്യസാചി ചക്രവര്‍ത്തി, കരണ്‍ സിംഗ് ഛബ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സെപ്റ്റംബര്‍ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
തിയറ്ററുകളില്‍ ചിരി പടര്‍ത്താന്‍ ഷാഫി വീണ്ടും തയ്യാറെടുക്കുന്നു. ആനന്ദം പരമാനന്ദം’ എന്ന സിനിമയാണ് എത്തുന്നത്. പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ്. അനഘ നാരായണന് നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെറെ പ്രമേയം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന് , ശാലു റഹിം, കിജന്‍ രാഘവന്, വനിത കൃഷ്ണചന്ദ്രന് ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 37120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാല് ദിവസമായി സ്വര്‍ണവില മാറിയിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3835 രൂപയാണ്.
ശാഖയില്‍ പോകാതെ തന്നെ വീഡിയോ കെവൈസി വഴി എസ്ബിഐ ഇന്‍സ്റ്റാ പ്ലസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആധാര്‍, പാന്‍ വിശദാംശങ്ങള്‍ മാത്രം മതി. വീഡിയോ കെവൈസി വഴി തുറക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നെഫ്റ്റ്, ഐഎംപിഎസ്, യുപിഐ പോലുള്ള നൂതനരീതിയിലുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റുപേ ക്ലാസിക് കാര്‍ഡ് ആണ് അനുവദിക്കുക. യോനോ ആപ്പ് വഴി 24 മണിക്കൂര്‍ ബാങ്കിങ് സേവനം ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും അനുവദിച്ചിട്ടുണ്ട്. എസ്എംഎസ് അലര്‍ട്ട്, എസ്ബിഐ മിസ്ഡ് കോള്‍ സൗകര്യം എന്നിവ ലഭിക്കും. ശാഖയില്‍ പോയി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ചെക്ക് ബുക്ക് അനുവദിക്കൂ.
ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ കമ്പനി എന്‍ടോര്‍ക്ക് 125 റേസ് എഡിഷന് സ്കൂട്ടര്‍ മോഡല്‍ ലൈനപ്പിലേക്ക് പുതിയ മറൈന്‍ ബ്ലൂ നിറം അവതരിപ്പിച്ചു. പുതിയ കളര്‍ വേരിയന്റിന് 87,011 രൂപയാണ് വില, ഇത് മറ്റ് കളര്‍ പതിപ്പുകളെ അപേക്ഷിച്ച് ഏകദേശം 500 രൂപ വിലയുള്ളതാണ്. നേരത്തെ, ടിവിഎസ് എന്‍ടോര്‍ക്ക് റേസ് എഡിഷന് റെഡ് ആന്‍ഡ് ബ്ലാക്ക്, യെല്ലോ ആന്‍ഡ് ബ്ലാക്ക് എന്നീ രണ്ട് പെയിന്റ് സ്കീമുകളില്‍ ലഭ്യമായിരുന്നു. സ്കൂട്ടറില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
നമ്മുടെ സംസ്കൃതിയോട് ഇഴപിരിഞ്ഞുകിടക്കുന്നതും എന്നാല്‍ പല കാരണങ്ങളാല്‍ ഇവിടെ നിന്ന് കുടിയിറങ്ങിപ്പോയതുമായ നാട്ടുപ്പൂക്കളെക്കുറിച്ചുള്ള സമഗ്രമായ വിവരണമാണ് ഈ ഗ്രന്ഥം. ‘കളമൊഴിയുന്ന നാട്ടുപൂക്കള്‍’. ലേഖ കാക്കനാട്ട്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 575 രൂപ.
നടത്തം ഉത്തമമായ വ്യായാമമാണെന്ന് എല്ലാവര്ക്കും അറിയാം, നിത്യവും നടക്കുന്നത് കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗത്തെ തടയാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. ദിവസം പതിനായിരം ചുവടുകളെങ്കിലും നടക്കുന്നവര്‍ക്ക് മറവി രോഗം, കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കുമെന്ന് പഠനം തെളിയിച്ചിരിക്കുകയാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് പുറത്തിറക്കുന്ന ജാമാ ഇന്റേണല്‍ മെഡിസിന്, ജാമാ ന്യൂറോളജി എന്നീ ജേര്‍ണലുകളിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ 40 നും 79 നും ഇടയില്‍ പ്രായമുള്ള 78,500 ആളുകളില്‍ നടത്തിയ പഠനത്തിലാണ് നടത്തം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചത്. യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. നടത്തം അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ ഒരു ദിവസം 3,800 ചുവടുകള്‍ വയ്ക്കുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാദ്ധ്യത 25 ശതമാനം കണ്ട് കുറയ്ക്കാന്‍ കഴിയുമെന്ന് മനസിലായി. അകാല മരണത്തെയും തടയാന്‍ നടത്തം കൊണ്ടു കഴിയും. ദിവസവും ഓരോ 2000 ചുവടുകള്‍ വയ്ക്കുമ്പോഴും അകാല മരണ സാദ്ധ്യത എട്ട് മുതല്‍ 11 ശതമാനം വരെ കുറയുന്നു. നാം ദിനവും നടക്കുന്ന ദൂരം മനസിലാക്കാന്‍ നിരവധി ഉപകരണങ്ങളാണ് വിപണിയിലുള്ളത്. കയ്യില്‍ ധരിക്കുന്ന സ്മാര്‍ട് വാച്ചുകളിലൂടെയും നടത്തത്തെ ട്രാക്ക് ചെയ്യാനാവും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.44, പൗണ്ട് – 91.74, യൂറോ – 79.46, സ്വിസ് ഫ്രാങ്ക് – 82.83, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.52, ബഹറിന്‍ ദിനാര്‍ – 210.78, കുവൈത്ത് ദിനാര്‍ -257.34, ഒമാനി റിയാല്‍ – 206.64, സൗദി റിയാല്‍ – 21.14, യു.എ.ഇ ദിര്‍ഹം – 21.63, ഖത്തര്‍ റിയാല്‍ – 21.82, കനേഡിയന്‍ ഡോളര്‍ – 60.38.