സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ലെന്നാണ് വിവരം. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടായേക്കും.
നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടൻ പുറത്തുവിടും.
അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
മലപ്പുറം എസ് പി ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതിയിൻമേൽ എസ് പി സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്. വിജിലന്‍സ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.
ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളില്‍ ഇവരെ നേരിട്ട് ബന്ധപ്പെടുമെന്നും നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കുമെന്നും ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിൽ തീരുമാനിച്ചു.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്രം അംഗീകാരം നല്‍കിയത് ആർ.എസ്.എസ് അജണ്ടയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം എം.പി. ഒരു രാഷ്ട്രം ഒരു ഭാഷ ഒരു സംസ്കാരം എന്ന ആർ.എസ്.എസിന്റെ സ്വപ്നത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. ഈ തീരുമാനത്തിലൂടെ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ ചരമഗീതം എഴുതുകയാണെന്നും റഹിം കൂട്ടിച്ചേർത്തു.
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ് രോഗം വ്യാപിക്കുന്നത്. സ്കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്ന് അധികൃതർ അറിയിച്ചു. രോഗ കാരണ സ്രോതസ് വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് സിപിഐ യുടെ ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും, കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബു ഇക്കാര്യം ആവശ്യപ്പെടുന്നത്.
മുച്ചിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് വീടിനായി 4 സെന്റ് ഭൂമി ഉടൻ അനുവദിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. ഭൂമി അനുവദിക്കാനായി കളക്ടർക്ക് നിർദേശവും നൽകി. അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് നടപടി വേഗത്തിലാക്കുമെന്നും നിലവിലെ പട്ടയത്തിലെ ഒരേക്കർ ഭൂമി നൽകാനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നാമത്തെ പെൺകുട്ടിയേയും കണ്ടെത്തി. 14-കാരിയായ പെൺകുട്ടി തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ബന്ധുവീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കാണാതായ 17-കാരിയായ രണ്ടാമത്തെ കുട്ടിയെ വ്യാഴാഴ്ച രാവിലെ മണ്ണാർക്കാടുവെച്ച് സുഹൃത്തിനൊപ്പം കണ്ടെത്തിയിരുന്നു. ഇരുവർക്കുമൊപ്പം നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ 17-കാരിയായ മറ്റൊരു പെൺകുട്ടിയെ ബുധനാഴ്ച തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ ആ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം നീണ്ടേക്കും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾ പൂർത്തീകരിക്കാനുള്ളതിനാലാണ് ജയിൽമോചനം നീളുന്നത്. കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടി നേരിടാനുള്ളത്.
ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി കലവൂർ സ്വദേശി സുബിൻ കോയമ്പത്തൂരിൽ നിന്നും പിടിയിലായി. സുബിൻ ബലമായി പിടിച്ചു കൊണ്ട് പോയ ഭാര്യ രഞ്ജിനിയെയും കണ്ടെത്തി. വെട്ടേറ്റ ബൈജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
നടന്‍ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയാണ് പരാതി നൽകിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രായപൂർത്തി ആകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. തമിഴ്നാട് കേരള ഡി ജി പി മാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. എന്നാൽ തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയ പ്രതികരിച്ചു.
പുതിയ സംഘടനയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി സംവിധായകൻ ആഷിഖ് അബു. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കുമെന്നും, നിർമാതാവ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണ് എന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണസമതിയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും സംഘടന നിലവിൽ വരുന്നതു വരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി.
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നാളെ വീണ്ടും തുടങ്ങാൻ കഴിഞ്ഞേക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴ കടലിനോട് ചേരുന്ന ഭാഗത്തേക്ക് എത്തിക്കുകയാണ് ഇപ്പോള്‍. മഞ്ജുഗുണിയിൽ അഴിമുഖത്തിന് സമീപത്ത് ഗംഗാവലിയിലെ പുതിയ പാലത്തിന് അടുത്തേക്കാണ് ടഗ് ബോട്ട് എത്തിക്കുന്നത്. നാളെ പുലർച്ചെയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാനാണ് ശ്രമം.
തൃശൂരിൽ നിന്ന് താൻ ജീവനും കൊണ്ടോടി രക്ഷപ്പെട്ടെന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍റെ പരാമർശത്തോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായെന്നും അവിടെയാണ് 10 കൊല്ലം ആട്ടും തുപ്പും സഹിച്ചു താൻ കിടന്നതെന്നും പത്മജ പ്രതികരിച്ചു. കെ കരുണാകരനെ കൊണ്ട് വളർന്ന പലർക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. മക്കളെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. തന്‍റെ കാര്യത്തിൽ അവർ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരൻ ആണെന്നും പത്മജ കൂട്ടിച്ചേർത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മുപ്പത്തിയാറ് വയസുകാരനായ ഇദ്ദേഹം ആദ്യമായാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 56 അപേക്ഷകള്‍ പരിഗണിച്ചതില്‍ 54 പേരെ ദേവസ്വം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഹാജരായ 51 പേരില്‍ 42 പേര്‍ യോഗ്യത നേടി.
സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഹഡ്കോ വായ്പ പരിധി കൂടി തീർന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞുവെന്ന് റിപ്പോർട്ട്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.
മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദ്ദമാണെന്ന് കുടുംബത്തിന്റെ പരാതി. മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു. ജൂലായ് ഇരുപതിന് താമസസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു അന്നയുടെ മരണം. അമിതജോലിഭാരം തന്റെ മകളുടെയും ജീവൻ കവർന്നതായിതന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി.
മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടൻ്റായ അന്ന പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ് അന്വേഷണം നടത്തണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആവശ്യത്തോട് എക്സിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ തൃപ്രയാറിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ടെയ്നർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വലപ്പാട് സ്വദേശികളായ ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഹാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടുക്കിയിലെ ഇരട്ടയാർ ടണലിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുൽ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. കോൺഗ്രസ് എന്തിനാണ് രാഹുലിന്‍റെ പേരിൽ അഭിമാനം കൊള്ളുന്നതെന്നും, രാജ്യത്ത് ജാതീയമായ വിഭജനത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നു. മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖർഗേ എന്തു കൊണ്ട് മൗനം പാലിക്കുന്നെന്നും അദ്ദേഹം ചോദിച്ചു. യുഎസ് സന്ദർശനത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മോദിക്ക് ഖർഗേ കഴിഞ്ഞ ദിവസം അയച്ച കത്തിനെഴുതിയ മറുപടിയിലാണ് നദ്ദയുടെ വിമർശനം.
ബിഹാറിൽ നവാഡ ജില്ലയിലെ കൃഷ്ണനഗർ തോലയിൽ ഇന്നലെ വൈകുന്നേരം മഹാ ദളിത് വിഭാഗത്തിൽ പെട്ട കുടുംബങ്ങളുടെ നൂറോളം വീടുകൾക്ക് ഗുണ്ടകൾ തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്നും, ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നുവെന്നും ആരോപിച്ച രാഹുൽ ഗാന്ധി അക്രമകാരികളെ അവർ സംരക്ഷിക്കുന്നു എന്നും കുറ്റപ്പെടുത്തി. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പ്രതികളിൽ ചിലരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പലസ്തീനെ അനുകൂലിക്കുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യ. ഇസ്രയേൽ ഒരു കൊല്ലത്തിനകം പലസ്തീനിലെ അധിനിവേശ പ്രദേശങ്ങൾ ഒഴിയണം എന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. 124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും യുകെയും അടക്കം 42 രാജ്യങ്ങൾ വിട്ടു നിന്നപ്പോൾ അമേരിക്ക പ്രമേയത്തെ എതിർത്തു. വിഷയം രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടുള്ളതു കൊണ്ടാണ് വിട്ടു നിന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണ്‍ പോലും ഉപയോഗിക്കാൻ ലബനണിലെ ജനങ്ങൾ ഭയക്കുന്നെന്ന് റിപ്പോർട്ട്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകൾ, വാക്കിടോക്കി എന്നീ വയർലെസ് ഉപകരണങ്ങൾ സ്ഫോടനത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആളുകൾ ഫോണിനെയും ഭയക്കുന്നത്.