പുറത്ത് പോയി നടക്കാന്‍ പറ്റാത്തവര്‍ വീടിനും ഓഫീസിനും അകത്ത് നടക്കുന്നതും പടികള്‍ കയറുന്നതും പുറത്ത് നടക്കുന്നതിന് സമാനമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ട്രെഡ്മില്ലിലും അല്ലാതെയുമൊക്കെയുള്ള ഈ അകത്തെ നടത്തമാണ് ഇപ്പോഴത്തെ ട്രെന്‍ഡെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരത്തിലുള്ള വ്യായാമവും ശരീരത്തില്‍ നിന്ന് അനാവശ്യ കാലറികള്‍ കുറയ്ക്കാന്‍ സഹായിക്കും. എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കാനും നടപ്പ് സഹായിക്കും. നടത്തം വെറുമൊരു വ്യായാമം മാത്രമല്ല. ഇത് സന്തോഷത്തിനുള്ള താക്കോല്‍ കൂടിയാണ്. നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുകയും രക്തസമ്മര്‍ദ്ദം കുറയുകയും എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ പുറത്ത് വരികയും ചെയ്യുന്നു. പ്രകൃതിദത്ത വേദന സംഹാരികളാണ് ഈ എന്‍ഡോര്‍ഫിനുകള്‍. മാനസിക സന്തോഷത്തിനും നടപ്പ് നല്ലതാണ്. ദിവസവും ഒരു 10,000 സ്റ്റെപ്പ് നടക്കുന്നതാണ് അനുയോജ്യം. പുറത്ത് നടക്കുന്നവര്‍ കൂടി അകത്ത് നടന്നാലേ ഇത്രയും സ്റ്റെപ്പ് പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സാധിക്കാറുള്ളൂ. വീട്ടില്‍ ഭക്ഷണമെല്ലാം കഴിഞ്ഞ് അകത്ത് കുറച്ച് ചുവടുകള്‍ വയ്ക്കുന്നത് ദഹനത്തെ സഹായിക്കും. മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കുന്നതും കാലറി കത്തുന്നതിലേക്ക് നിര്‍ണ്ണായക സംഭാവന നല്‍കും. ഓഫീസില്‍ അല്‍പം അകലെയിരിക്കുന്ന സഹപ്രവര്‍ത്തകനോട് എന്തെങ്കിലും പറയണമെങ്കില്‍ ഫോണില്‍ വിളിക്കാതെ നടന്ന് അടുത്ത് ചെന്ന് പറയുക. ചില മീറ്റിങ്ങുകള്‍ നിന്നു കൊണ്ടോ നടന്ന് കൊണ്ടോ ആകാം.