വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും.

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അഅ‌ന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അ‌ന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്.നടൻമാർ കൂടാതെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അ‌ഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അ‌യക്കുകയായിരുന്നു.

സംവിധായകൻ രഞ്ജിത്ത് നിയമനടപടികളിലേക്ക്.ബം​ഗാളി നടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

 

നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ സിപിഎം. ലൈംഗിക ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നത്. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര മന്തി സുരേഷ് ​ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങൾ . മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ് എന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

നടനും എംഎൽഎയുമായ എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണ തെറ്റെന്ന് കെ രാധാകൃഷ്ണൻ എം.പി. കുറ്റാരോപിതർ എത്ര ഉന്നതരായാലും പാർട്ടി അവരെ സംരക്ഷിക്കില്ല. മൊഴി നൽകിയവർക്കും പരാതി നൽകുന്നവർക്കും സംരക്ഷണം ഒരുക്കും. എല്ലാ മേഖലയിലെയും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി കെ സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഗൂഢാലോചന എന്ന ബാബുരാജിന്‍റെ വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആരോപണ വിധേയനായ ലോയേഴ്സ് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ശുദ്ധീകരണ പ്രവർത്തികൾ തുടങ്ങാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

 

മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ​ഗായത്രി വർഷ. സമിതിയിലോ ഏത് സ്ഥാനത്തോ ഇരിക്കുന്നു എന്നതല്ല, ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ​ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു.

സിനിമാമേഖലയിൽ  വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

നിരവധി സ്ത്രീകള്‍ ലൈംഗീക ആരോപണങ്ങളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.മുരളീധരന്‍. ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെ. വേട്ടക്കാർ ആരെന്ന് ജനം അറിയട്ടെ. ലോയേഴ്‌സ് കോൺഗ്രസ്‌ നേതാവ് വിഎസ് ചന്ദ്രശേഖരന് എതിരെയും നടപടി വേണം. വേട്ടക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് അടുത്ത മാസം 17ലേക്ക് മാറ്റി സുപ്രീംകോടതി. വിചാരണ എന്തായി എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദേശം നൽകി. കേസ് ഏഴ് കൊല്ലമായല്ലോ എന്നും, ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.

 

തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ​ഗോപി. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായിരുന്നു.

തന്‍റെ സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന വനിതാ സംവിധായികയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണ്‍. ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുമ്പോൾ വേദനിച്ചു എന്ന് പറയുന്നത് എങ്ങനെയാണ്. താൻ ഒരു ഫുട്ബോൾ പരിശീലകനെപോലെ വിമർശിച്ചതാണ്. സിനിമയ്ക്കായി ഒന്നരക്കോടി രൂപ ചലച്ചിത്ര വികസന കോർപ്പറേഷൻ നൽകിയതാണെന്നും ഷാജി എൻ കരുണ്‍ പറഞ്ഞു.

വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തില്‍ വ്യക്തത വരുത്തി നടി സോണിയ മല്‍ഹാര്‍. ആരോപണം ഉന്നയിച്ച നടന്‍ ജയസൂര്യ അല്ലെന്ന് സോണിയ പറഞ്ഞു. പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.

 

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്.

വടകര ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും, ഒൻപത് വയസുകാരി കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താൻ പൊലീസിനായില്ല.കാർ കണ്ടെത്താൻ അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പൊലീസ് വിശദീകരണം.

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ . ഉന്നതാധികാര സമിതിയായ മാനേജ്മെന്റ് കൗൺസിലിന്റെയും ബോർഡ് ഓഫ് മാനേജ്മെന്റിന്റെയും അനുമതി വാങ്ങാതെ ആണ് വിജ്ഞാപനം ഇറക്കിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി എത്തുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഡെയ്ല എന്ന കണ്ടെയ്നർ കപ്പലാണ് ഈ മാസം 30 ന് വിഴിഞ്ഞം തുറമുഖ ബർത്തിൽ നങ്കൂരമിടുക.13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള 51 മീറ്റർ വീതിയും 366 മീറ്റർ നീളവുമുള്ള വമ്പൻ കണ്ടെയ്നർ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് നെന്മാറയിൽ പതിനാറുകാരനെ എസ്.ഐ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്. പതിനാറുകാരന് മർദനമേറ്റിട്ടില്ലെന്നാണ് ആലത്തൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. വിദ്യാർത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്നാണ് വിശദീകരണം.

റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ അതുൽ (27) ആണ് മരിച്ചത്.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ തകർന്നത്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഒക്ടോബറില്‍ യു.എ.ഇ.യില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ രണ്ട് മലയാളി താരങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന, വയനാട് സ്വദേശിയായ സജന സജീവന്‍ എന്നിവരാണ് പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.

 

 

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *