Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.

 

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമ കളക്റ്റീവ്. പുതിയ സംഘത്തെ പൂർണ്ണമായി പിന്തുണക്കാതെയുള്ള നിലപാടാണ് ഡബ്ലിയുസിസിയുടേത്. പുതിയ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നൽകാൻ പോകേണ്ട സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി വ്യക്തമാക്കി.

 

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ . സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത് പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിനെതിരെ നടക്കുന്ന ചെളിവാരിയേറിന്‍റെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു.

 

രഞ‌്ജിത്തിന്‍റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല എന്നാൽ രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു.

 

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്‍റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കി നടൻ സിദ്ദിഖ്. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. 2016 ല്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെയാണ് നടൻ്റെ രാജി.

സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ്.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്.അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു.അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്.പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും.ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി

 

സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് വൈറ്റില സ്വദേശി പരാതി നൽകി. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.

മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. 2018 ലാണ് ടെസ് മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടത്.

 

തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് പ്രതികരിച്ചു.

 

വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രഞ്ജിത്തിന്റെയും സിദ്ദിഖിന്‍റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന്‌ അപമാനമാണ്. മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

വാർത്ത ചാനലുകളിൽ നടിമാരുടെ വെളിപ്പെടുത്തലുകൾ കണ്ടാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്ന് സിദ്ദിഖിനെതിരെയും രഞ്ജിത്തിനെതിരെയും ഒരു പൗരൻ എന്ന നിലയ്ക്കാണ് പരാതി നൽകിയതെന്ന് കൊച്ചി വൈറ്റില സ്വദേശി വ്യക്തമാക്കി. ആ നടികൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ കേട്ടപ്പോൾ സങ്കടം തോന്നിയെന്നും, പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ്. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിന്‍റെയും നടൻ സിദ്ദിഖിന്‍റെയും രാജി അനിവാര്യമായിരുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു. ആരോപണം നേരിടുന്ന സംഘത്തിൽ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും. സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നീതികരിക്കാനാവില്ല. ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തെ താറടിക്കുന്നതല്ലെന്നും ആഷിഖ് അബു വ്യക്തമാക്കി.

 

ചെഗുവേരയെ ഉദ്ധരിച്ച് നടി കേസിലെ അതിജീവിത. ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിവുണ്ടാവണമെന്ന് അതിജീവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചെഗുവേരയുടെ ചിത്രത്തിനൊപ്പമാണ് അതിജീവിതയുടെ പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിൽ വിവാദം കനക്കുന്നതിനിടയിലാണ് അതിജീവിതയുടെ പരാമർശം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് എം വി​ ​ഗോവിന്ദൻ. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാ​ഗമാണ്. കേരളത്തിൽ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് വേറെ എവിടെയും ഇല്ല.  ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നും, ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

 

സംസ്ഥാനത്ത്  സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും  കെ.സുരേന്ദ്രൻ . നടൻ സിദ്ദിഖിനെതിരായി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അന്ന്ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പരാതി പറയാനെത്തുന്നവരെ അധിക്ഷേപിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണം. വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാർ. അവർക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ്. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടിന്റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

 

സിദ്ദിഖിന്‍റേത് അനിവാര്യമായ രാജിയെന്ന് ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മിയും മാല പാർവതിയും. ആരോപണം വരുമ്പോൾ മാറിനിൽക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഇരുവരും പറഞ്ഞു. യുവനടിയുടെ ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചത്.

 

എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചുവെന്നും നടനും സംവിധായകനുമായ രൺജി പണിക്കർ. നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും രൺജി പണിക്കർ പ്രതികരിച്ചു.

 

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും.ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

 

സൈബർ ആക്രമണ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറി ഇറങ്ങി കേസ് എടുപ്പിച്ചിട്ടും പത്തനംതിട്ട അടൂർ പൊലീസ് തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപിക. മുതിർന്ന വനിത ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. മാർത്തോമ്മ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ കുടുംബ സുഹൃത്തായ വൈദികനൊപ്പം പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നായിരുന്നു പരാതി.

പാലക്കാട് കാവശേരിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോൺഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് മുദ്രാവാക്യം വിളിച്ചത്.

പട്ടാമ്പിയിൽ വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ ജോയ് തോമസിന് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന, കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35  കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.

വയനാട്  ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി  ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍ കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത്  പ്രകാരമായിരുന്നു. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്.

 

 

ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍. അവധി കഴിഞ്ഞ് ഗള്‍ഫിലെ സ്കൂളുകള്‍ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് വില മൂന്നു മുതല്‍ അഞ്ചിരട്ടി വരെ ഉയര്‍ന്നിരിക്കുന്നത്.

അനിയന്ത്രിതമായ വിമാന നിരക്ക് വര്‍ധനക്കെതിരെ ഷാഫി പറമ്പിൽ എംപി. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. സീസണ്‍ സമയത്തെ പിടിച്ചുപറിയില്‍ ഇടപെടണമെന്ന് ശക്തമായ ഭാഷയില്‍ ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.

വിമാന കമ്പനികളുടെ കൊള്ള നിയന്ത്രിക്കാൽ കേന്ദ്ര, കേരള സർക്കാരുകൾ ശക്തമായി ഇടപെടണമെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അടുത്ത വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

രാജിവെച്ചു എന്നതാണ് ആരോപണം നേരിട്ട നിലയ്ക്ക് സിദ്ദിഖ് ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടെന്നും സിദ്ദിഖിനെതിരെ ഉണ്ടായത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താൻ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്നും ധർമജൻ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗംവിളിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അടുത്ത ശനിയാഴ്ച മുതൽ യോ​ഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാർക്ക് യോ​ഗംസംബന്ധിച്ച കത്തും കൈമാറി.

 

ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ മോഷ്ടിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം നടന്നത്. ബാലരാമപുരം ശാലിഗോത്രത്തെരുവിലുള്ള കണ്ണൻ ഹാൻഡ്ലൂമിൽനിന്ന് ഒന്നരലക്ഷം രൂപയും എരുത്താവൂരിലെ മണപ്പാട്ടിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.

പഞ്ചാബിലെ ഗുരുദാസ്പൂരി ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസിൽ പരാതിയുമായി കുടുംബം. അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും പാസ്റ്റർ ആവശ്യപ്പെടുകയായിരുന്നു.

 

തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. പൊലീസുകാർക്കെതിരെ വെടിയുതിർത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. തെക്കൻ ഫ്രാൻസിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.

 

സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവാവും സുഹൃത്തും നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരിച്ചു. 27കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് സൗദിയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ മരണപ്പെട്ടത്. യാത്രക്കിടെ കാറിന്‍റെ ഇന്ധനം തീർന്നതോടെ മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു.

 

തിരക്കേറിയ റോഡിൽ പെട്ടന്നുണ്ടായ കുഴിയിൽ ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. കുടുംബാംഗങ്ങൾക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ യുവതിയാണ് 26 അടിയിൽ അധികം ആഴമുള്ള കുഴിയിലേക്ക് വീണത്. നടപ്പാതയിൽ പെട്ടന്നുണ്ടായ കുഴിയിലേക്ക് ഇവർ വീണു പോവുകയായിരുന്നു. ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്.

സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ട് പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി. അവരെ കണ്ടെത്താൻ സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. വെള്ളത്തിൽ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

 

 

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം. യുദ്ധ വിമാനങ്ങൾ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈൽ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതെന്നാണ് റിപ്പോർട്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്.

 

ദില്ലിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത വിവരം ദില്ലി പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷ ഏറെയുള്ള പരസ്യ ബോര്‍ഡ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് ന്യൂ ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിൻ്റെ വാദം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരി സെര്‍ജീ കൊര്‍സാകോവ്. ആറ് മാസം നീണ്ട ദൗത്യത്തിന് ശേഷം ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരിയാണ് സെര്‍ജീ കൊര്‍സാകോവ്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താന്‍. ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലേക്കാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, മോദി യോഗത്തിനായി പാകിസ്താനിലേക്ക് പോകാനിടയില്ലെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *