Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

13 ഇനങ്ങളുള്ള ഓണക്കിറ്റ്    സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുo . ജൈവ പച്ചക്കറിയും, ഓണം ഫെയറുകളും ഒരുക്കും.  മാവേലി സ്റ്റോറിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണത്തോട് അനുബന്ധിച്ച്  തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ.  കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ് 16 തേർഡ് എ.സി കോച്ചുകളുള്ള ട്രെയിൻ അനുവദിച്ചിരിക്കുന്നത്  .

വയനാട്  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുo, അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ  നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ.   മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആണ് അദ്ദേഹം ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്. ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

വയനാട്  ദുരന്തബാധിതരുടെ പുനരധിവാസം ഉടനെ  നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കിയിട്ടുണ്ട്, 83 കുടുംബങ്ങൾക്ക്ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്, കൂടുതൽ വീടുകൾ കണ്ടെത്തി ഇവരുടെ പുനരധിവാസം വേഗത്തിലാക്കുo.വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്, 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാനവ ഹൃദയങ്ങൾ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഓണമെന്നും വയനാടിനായി ഈ നിമിഷം നമ്മുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ല, പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ ആവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലും റിപ്പോർട്ട് പുറത്ത് വരുന്നതിന് സർക്കാർ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂർണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവതരമാണെന്ന് ഡിവൈഎഫ്ഐ.സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത ഇല്ലാതാക്കണം. മലയാള സിനിമയ്ക്ക് അതിന്‍റെ സാംസ്കാരിക ഔന്നത്യത്തോടെ മുന്നോട്ടു പോവാൻ കഴിയുന്ന വിധത്തിൽ റിപ്പോർട്ട് വിശദമായ പഠനത്തിന് വിധേയമാക്കി പ്രശ്നപരിഹാരം സാധ്യമാക്കുവാൻ സർക്കാർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

സർക്കാർ  ഹേമ കമ്മിറ്റി റിപ്പോർട്ട്  പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമാണെന്ന്  എം എം ഹസൻ. തൊഴിലിടത്തിൽ ലൈംഗിക ചൂഷണം ഉണ്ടായാൽ കേസെടുക്കാൻ നാലര വർഷം കാത്തു നിൽക്കണോ?. ലേഡി ഐപിഎസ് ഓഫിസർ ഇത് അന്വേഷിക്കണം. റിപ്പോർട്ടിലെ കാര്യങ്ങൾ പഠിച്ച് , നടപടിയെടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നാലര വര്‍ഷം മുന്‍പ് കിട്ടിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ക്രിമിനല്‍ കുറ്റങ്ങളുടെ പരമ്പര മറച്ചുവച്ചതിലൂടെ ഗുരുതര കുറ്റകൃത്യം ചെയ്ത സര്‍ക്കാര്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

 

വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് എം എം ഹസ്സൻ .മുല്ലപ്പെരിയാർ അണക്കെട്ട് ജനങ്ങൾക്ക് ആശങ്കയാകുന്നുണ്ട്. ഈ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണം. കേരളത്തിന് സുരക്ഷാ, തമിഴ്നാടിന് വെള്ളം, പുതിയ ഡാം നിർമ്മിക്കുക എന്നിങ്ങനെയാണ് ചെയ്യേണ്ടത്. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു .

ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള ചർച്ചകളിൽ സർക്കാർ വിളിച്ചാൽ സഹകരിക്കുമെന്ന്  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്തുകൊണ്ട് കാലതാമസം ഉണ്ടായെന്ന്ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങൾ അവരുടെ അറിവിൽ എത്തുന്നത് ഇപ്പോൾ ആയിരിക്കും. എല്ലാ മേഖലകളിലും ഇതുപോലുള്ള കാര്യങ്ങളുണ്ട് .  പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ ഉണ്ടല്ലോയെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ ബാങ്കുകൾ ഇപ്പോഴും പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാൻ തിരുവനന്തപുരം കോര്‍പറേഷൻ നൽകിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്‍റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക.

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്‍റെ ശ്രമങ്ങൾ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് മന്ത്രി പി രാജീവ്. ആദ്യ കേരള ബ്രാൻഡ് ലൈസൻസ് നാളെ കൈമാറും. നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ലൈസൻസ് കൈമാറുക. മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നല്‍കുന്നത്.

ജസ്‌ന തിരോധാന കേസിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്‍റെ വിവരങ്ങൾ ശേഖരിച്ചു. മുണ്ടക്കയo ലോഡ്ജിന്‍റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. എന്നാൽ ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജിലെ മുൻജീവനക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയില്ല. സി ബി ഐ ഉടൻ തന്നെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കൈറ്റ്തയ്യാറാക്കി.  ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് എറണാകുളം കൈറ്റ് കേന്ദ്രത്തിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനം നിർവഹിക്കും.

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 6 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2 ചക്രവാതചുഴിയും മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ അതിശക്ത മഴക്ക് കാരണം.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ്ണം തട്ടിയെടുക്കാനായി മുൻ മാനേജർ പകരം വെച്ച വ്യാജ സ്വർണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മധു ജയകുമാർ വച്ച 26 കിലോ വ്യാജ സ്വർണ്ണമാണ് കണ്ടെടുത്തത്. ബാങ്കിൽ നിന്നും 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വർണ പണയത്തിൽ വായ്പയെടുത്തത്. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ബാങ്കിലെത്തിയാണ് വ്യാജ സ്വർണ്ണം കസ്റ്റഡിയിലെടുത്തത്.

 

കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാൺമാനില്ല. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാതായത്. പോലീസ് കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് മത്സരിക്കുന്നത്. അസമില്‍ മിഷൻ രഞ്ജൻ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ത്രിപുരയില്‍ രജീബ് ഭട്ടാചാരി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികൾ.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *