◾ഇന്നു തിരുവോണം. മലയാളികള്‍ക്ക് ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉല്‍സവമാണ് ഓണം. പൂക്കളങ്ങളും പൂവിളികളും സദ്യവട്ടങ്ങളുമെല്ലാമായി ഒരുമയുടെ ഓണാഘോഷം. എല്ലാവര്ക്കും ഡെയ്ലി ന്യൂസിന്റെ ഓണാശംസകള്‍. (ഇന്നു ഡെയ്ലി ന്യൂസ് സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി).
◾രാജ്യത്തെ 14,000 സ്കൂളുകള്‍ നവീകരിക്കാന്‍ 27,360 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണം. കേന്ദ്രവിഹിതം 18,128 കോടി രൂപയാണ്. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും അനുരാഗ് താക്കൂറും പറഞ്ഞു.
◾കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു കന്യാകുമാരിയില്‍ തുടക്കം. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, രാഹുല്‍ ഗാന്ധിക്കു പതാക കൈമാറി. രാവിലെ ശ്രീപെരുമ്പതൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നവോത്ഥാന യാത്രയാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയില്‍ വായിച്ചു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾മതത്തിന്റേയും ഭാഷയുടേയും പേരില്‍ ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇഡിയേയും സിബിഐയേയും ദുരുപയോഗിച്ചു വേട്ടയാടുന്നു. ദേശീയപതാകയേയും ഭരണഘടനാ സ്ഥാപനങ്ങളേയും ഭരണഘടനയെത്തന്നേയും ബിജെപി കാല്ക്കീഴിലാക്കി. തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും വലിയ ദുരന്തത്തിലേക്കാണു രാജ്യത്തെ നയിക്കുന്നത്. കന്യാകുമാരിയില്‍ ഭാരത് ജോഡോ യാത്രക്കു തുടക്കം കുറിച്ചുകൊണ്ട് രാഹുല്‍ഗാന്ധി പ്രസംഗിച്ചു.
◾കൊച്ചി മെട്രോ പാത കലൂരില്‍നിന്നു കാക്കനാട്ടേക്കു ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. 11.2 കിലോമീറ്റര്‍ നീളമുള്ള പുതിയ മെട്രോ പാതയില്‍ 11 സ്റ്റേഷനുകളുണ്ടാകും. 1950 കോടി രൂപയാണ് പഴയ എസ്റ്റിമേറ്റ്. മുടങ്ങിക്കിടന്ന സ്ഥലമേറ്റെടുപ്പ് വൈകാതെ തുടങ്ങും.
◾വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. കേരളം ഇതിനകം പുന പരിശോധനാ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്കായി റെയില്‍വേ ഭൂമി ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്കാന് കേന്ദ്രമന്ത്രി സഭ അനുമതി. റെയില്‍വെയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതിയനുസരിച്ച് 1.2 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
◾തിങ്കളാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അന്‍വര്‍ സാദത്തിനെ സ്ഥാനാര്‍ത്ഥിയാക്കും. എ.എന്‍ ഷംസീറിനെ സ്പീക്കറാക്കാന്‍ എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു.
◾ഓണത്തിനു കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് 46.91 ലക്ഷം ലിറ്റര്‍ പാല് എത്തി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാലിന്റെ ഗുണനിലവാര പരിശോധന നടത്തിയിരുന്നു. മൂന്നാം തിയതി മുതല്‍ ഇന്നലെവരെയാണ് ഈര്‍ജ്ജിത പാല് ഗുണനിലവാര പരിശോധന നടത്തിയത്.
◾സീറോമലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് സുപ്രീം കോടതി ഒക്ടോബര്‍ 19 ലേക്ക് മാറ്റി. കര്‍ദിനാള്‍ അടക്കം 24 പ്രതികള്‍ ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയാണ് മാറ്റിയത്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് ആറര കോടി രൂപ പിഴ ചുമത്തിയിരുന്നു.
◾കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്ന് കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. ഡി- ലിറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും കാന്തപുരത്തിന്റെ വക്താവ് കത്തില്‍ പറഞ്ഞു.
◾കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്.
◾ആലപ്പുഴ മാന്നാറില്‍ നടന്ന മഹാത്മാഗാന്ധി ജലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പോലീസ് ടീമിലെ അംഗങ്ങള്‍ തങ്ങളുടെ ടീമിലെ അമരക്കാരനെ കൈകൊണ്ടു തള്ളി വെള്ളത്തിലേക്കിട്ടെന്നും ഒന്നാം സമ്മാനം പോലീസ് ടീമിനു നല്‍കരുതെന്നും പരാതി. ചെറുതന ടീമംഗങ്ങളാണു പരാതി നല്‍കിയത്. നിരണം ചുണ്ടന് തുഴഞ്ഞ പോലീസ് ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
◾കൊച്ചിയില്‍ മീന്‍പിടിത്തം കഴിഞ്ഞു മടങ്ങുകയായിരുന്ന മല്‍സ്യത്തൊഴിലാളിക്കു വെടിയേറ്റു. ചെല്ലാനം അഴീക്കല്‍ സ്വദേശി സെബാസ്റ്റ്യനാണ് (72) വെടിയേറ്റത്. കൊച്ചി നാവികസേനയുടെ പരിശീലന വെടിവയ്പില്‍ പിഴച്ചു പാഞ്ഞ വെടിയുണ്ടയല്ലെന്ന് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾കണ്ണൂരില്‍ ലഹരി മരുന്ന് കേസ് പ്രതി സി.ഐയേയും എ.എസ്.ഐയേയും താക്കോല്‍കൊണ്ടു കുത്തി പരിക്കേല്പിച്ചു. കണ്ണൂര്‍ സ്വദേശി ഷംസാദാണ് പിടികൂടാന്‍ ശ്രമിച്ച പൊലീസിനെ ആക്രമിച്ചത്.
◾താമരശേരി ചുരത്തില്‍ കൂറ്റന്‍ മരം കടപുഴകി വീണ് മുക്കാല്‍ മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. ഒന്നാം വളവിനും രണ്ടാം വളവിനുമിടലായി രാത്രി ഏഴരയോടെയാണ് മരം വീണത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വനപാലകരും പോലീസും യാത്രക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി രാത്രി എട്ടേ കാലോടെ ഗതാഗതം പുനസ്ഥാപിച്ചു.
◾മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കൊടുവള്ളി സ്വദേശി ഉസ്മാന് വട്ടംപ്പൊയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്.
◾കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്കിയ ഫിസിയോതെറാപ്പിസ്റ്റ് സൈദലിയെ പൊലീസ് അറസ്റ്റു ചെയ്തു. പതിനാലുകാരന്റെ അമ്മ ഇടനിലക്കാരിയായി വായ്പ നല്കിയ 10 ലക്ഷം രൂപ തിരിച്ചുകിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയത്.
◾ലഹരിമരുന്നായ എംഡിഎംഎ ഇടപാടു സംഘത്തിലെ പ്രധാനിയായ ഘാന സ്വദേശിനി പിടിയില്‍. ഏഞ്ചല്ല തക്വിവായെയാണ് ബെംഗളൂരുവില്‍ പാലാരിവട്ടം പൊലീസ് പിടികൂടിയത്.
◾ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയും സംഘവും ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരം നടക്കും. രാവിലെ ഏഴു മുതല്‍ പത്തു വരേയും വൈകുന്നേരം നാലു മുതല്‍ രാത്രി ഏഴുവരേയുമാണു നടത്തം. വഴിനീളെ സ്വീകരണങ്ങളും പൊതുസമ്മേളനങ്ങളും ഉണ്ടാകും. യാത്രയെ അനുഗമിക്കുന്ന ഷിപ്പിംഗ് കണ്ടെയ്നറില്‍ ഒരുക്കിയ കിടപ്പുമുറിയിലാണ് രാഹുല്‍ഗാന്ധി ഉറങ്ങുക. യാത്രയില്‍ 118 പേരാണ് മുഴുവന്‍ സമയവും ഉണ്ടാകുകയെന്നാണ് തീരുമാനിച്ചതെങ്കിലും ഇപ്പോഴതു മൂന്നുറു പേരായി ഉയര്‍ന്നു. ഇവരുടെ ലഗേജുമായി വേറേയും വാഹനങ്ങള്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
◾സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതല്‍ ‘ഗ്രീന്‍ ബെഞ്ച്’. കടലാസ് രഹിത ബഞ്ച് ആയിരിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. അഭിഭാഷകര്‍ പേപ്പറുകളും രേഖകളും കൊണ്ടുവരുതെന്നും നിര്‍ദേശം നല്കി. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്.
◾അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ തല്‍സ്ഥാനത്ത് തുടരണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് സുപ്രീം കോടതി. ഈ മാസം 30 വരെയേ താന്‍ സ്ഥാനത്തുണ്ടാകൂവെന്ന് കെ.കെ വേണുഗോപാല്‍ ഒരു കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയെ അറിയിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. സുപ്രീം കോടതിക്ക് വിശാല അധികാരങ്ങളുണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു.
◾ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കാനാനവില്ലെന്ന് സുപ്രീംകോടതി. അങ്ങനെയെങ്കില്‍ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഹിജാബ് വിലക്ക് സംബന്ധിച്ച കേസിന്റെ വാദത്തിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണം. കേസില്‍ ഇന്നും വാദം തുടരും.
◾റേഷന്‍ കടയിലല്ല, അനുദിനം വിലവര്‍ധിപ്പിക്കുന്ന പെട്രോള്‍ പമ്പുകളിലും ഗ്യാസ് സിലിണ്ടറുകളിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വയ്ക്കേണ്ടതെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംഎല്‍എയുമായ കെ. കവിത. തെലുങ്കാനയിലെ റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രം വയ്ക്കാത്തതിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് തെലുങ്കാനയിലെ കളക്ടറെ ശകാരിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് കവിത ഇങ്ങനെ തിരിച്ചടിച്ചത്.
◾ദേവിലാലിന്റെ മകനും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗത്താല ഈ മാസം 25 ന് ഹരിയാനയിലെ ഫതിയാബാദില് നടത്തുന്ന റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍ എത്തും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണു റാലി.
◾ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ആവേശം അവസാന ഓവര്‍ വരെ നീണ്ട സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന് ഫൈനലിലെത്തിയതോടെയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായത്. അഫ്ഗാന് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന് മറികടക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികള്‍.
◾എജുടെക് കമ്പനിയായ ബൈജൂസില്‍ ഒരാഴ്ചക്കകം 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3900 കോടി രൂപ) പുതിയ നിക്ഷേപത്തിന് സാധ്യത. ഈ പണം അമേരിക്കയില്‍ പുതിയ ഏറ്റെടുക്കലിന് കമ്പനി വിനിയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അബൂദബിയിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി 400 -500 ദശലക്ഷം ഡോളറിന്റെയും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായി 250 -350 കോടി ഡോളറിന്റെയും നിക്ഷേപത്തിന് കമ്പനി ചര്‍ച്ച നടത്തുന്നുണ്ട്. പുതിയ നിക്ഷേപം കൂടി വരുമ്പോള്‍ കമ്പനിയുടെ മൂല്യം 2300 കോടി ഡോളര്‍ കവിയും. ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ സര്‍വകലാശാലകളും മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും രൂപപ്പെടുത്തിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന അമേരിക്കയിലെ ടുയു കമ്പനി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്.
◾വിവോ വൈ75എസ് 5ജി ചൈനയില്‍ അവതരിപ്പിച്ചു. 6.58-ഇഞ്ച് എല്‍സിഡി സ്ക്രീനിന് ഫുള്‍-എച്ച്ഡി+ റെസലൂഷനും 60ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 64 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് വിവോ വൈ75എസ് 5ജി വരുന്നത്. വിവോ വൈ75എസ് 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,899 യുവാന്‍ (ഏകദേശം 22,000 രൂപ) ആണ് വില. അതേസമയം, 12ജിബി റാം + 256 ജിബി മോഡലിന് 2,199 യുവാനും (ഏകദേശം 25,000 രൂപ) വില നല്‍കണം. കറുപ്പ്, ഗ്രേഡിയന്റ് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്.
◾മമ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറ്റവും മുന്നിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് റോഷാക്ക്. ഉത്രാട ദിനത്തില്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് പുറത്തിറക്കി. ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. സംവിധായകന് നിസാം ബഷീര്‍ ആണ് റോഷാക്കിന്റെ സംവിധാനം. ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾ഇംഗ്ലീഷ് കഥാകൃത്ത് ജെ.ആര്.ആര്.ടോള്‍കിന്റെ ലോകപ്രശസ്ത രചനയായിരുന്നു ദി ലോര്‍ഡ് ഓഫ് ദി റിംഗ്സ്. ഭൂമിക്ക് പുറത്തുള്ള സാങ്കല്പികലോകമായിരുന്നു അതിന്റെ ഇതിവൃത്തം. ‘ദി ഫെലോഷിപ് ഓഫ് ദി റിംഗ് ‘, ‘ദി ടു ടവേഴ്സ്’, ‘ദി റിട്ടേണ്‍ ഓഫ് ദ കിംഗ്’ എന്നിങ്ങനെ മൂന്നുഭാഗങ്ങളായാണ് നോവല്‍ രചിക്കപ്പെട്ടത്. മൂന്നുഭാഗങ്ങളും ഒടോള്കിന്റെ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ക്കും ലോര്‍ഡ് ഓഫ് ദി റിംഗ്സ് സിനിമകള്‍ കാണാത്തവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ സീരീസ് ആയ റിംഗ്സ് ഓഫ് പവറിന്റെ മേക്കിംഗ്. വലിയൊരു കാത്തിരിപ്പ് അവസാനിച്ചതിന്റെ ത്രില്ലിലാണ് ‘ദി ലോര്‍ഡ് ഓഫ് ദി റിങ്സ്’ ആരാധകര്‍. ആമസോണ്‍ പ്രൈംവീഡിയോ നിര്‍മിച്ച ഏറ്റവും ചെലവേറിയ സീരിസ് എന്ന ഖ്യാതിയോടെയാണ് റിങ്സ് ഓഫ് പവര്‍ എത്തിയിട്ടുള്ളത്.
◾മെഴ്സിഡീസ് ബെന്‍സിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്യുവി മയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി നടി ദീപിക പദുക്കോണ്‍. നേരത്തെ രണ്‍വീര്‍ സിങും മയ്ബ ജിഎല്‍എസ് 600 വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമാണ് മയ്ബ ജിഎല്‍എസ് 600. എക്സ്ഷോറൂം വില ഏകദേശം 2.8 കോടി രുപ വരുന്ന ഈ ആഡംബര എസ്യുവി ആയുഷ്മാന്‍ ഖുറാന, അര്ജുന് കപൂര്‍, കൃതി സനോണ്‍, നിധിന് റെഡ്ഡി, റാം ചരണ്‍ തുടങ്ങിയ താരങ്ങളും അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മയ്ബയുടെ ആദ്യ എസ്യുവി ഇന്തയന്‍ വിപണിയിലെത്തിയത്. നാലു ലിറ്റര്‍ ട്വീന്‍ ടര്‍ബൊ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സാണുളളത്.
◾ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ. ‘ഹൃദയ രാഗങ്ങള്‍’. നാലാം പതിപ്പ്. ജോര്‍ജ്ജ് ഓണക്കൂര്‍. ഡിസി ബുക്സ്. വില 342 രൂപ.
◾മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്. ഭൂരിഭാഗം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കളുടെ കടിയോ നഖങ്ങള്‍ മൂലമുള്ള മാന്തലോ മുഖേനയാണ്. നായ്ക്കളുടെ ഉമിനീര് മനുഷ്യരുടെ കണ്ണിലോ മൂക്കിലോ വായിലോ മുറിവുകളിലോ വീഴാനിടയായാലും രോഗബാധയുണ്ടാകാം. സമാനമായ രീതിയില്‍ പൂച്ച, ആട്, മുയല്, കന്നുകാലികള്‍ എന്നിവയില്‍നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. കുറുക്കന്, മരപ്പട്ടി, കാട്ടുപൂച്ച എന്നീ മൃഗങ്ങളും രോഗവാഹകരായി കരുതപ്പെടുന്നു. പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിപ്പില്‍ പറയുന്നു. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയില്‍ വാക്സിന് എടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന് എടുക്കണം. വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന് ഉറപ്പ് വരുത്തുക. മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്. പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. അതിനാല്‍ അവഗണിക്കരുത്.
*ശുഭദിനം*
*കവിത കണ്ണന്*
മഹാബലി അസുരചക്രവര്‍ത്തിയായിരുന്ന കാലം. ഒരിക്കല്‍ ദേവേന്ദ്രന് മഹാബലിയെ കാണാന്‍ എത്തി. പാലാഴി കടയാന്‍ അസുരന്മാരുടെ സഹായം തേടി വന്നതായിരുന്നു ഇന്ദ്രന്. അസുരന്മാരും ദേവന്മാരും ശത്രുക്കളാണ്. ശത്രുക്കളുടെ രാജാവ് വരുന്നത് കണ്ട് മഹാബലിയുടെ ഭടന്മാര് ഇന്ദ്രനെ ആക്രമിക്കാനൊരുങ്ങി. ഇതുകണ്ട് മഹാബലി അവരെ തടഞ്ഞു. അദ്ദേഹം പറഞ്ഞു: അരുത്, ഇന്ദ്രന് ശത്രവാണെങ്കിലും ഇപ്പോള്‍ നമ്മുടെ അതിഥിയാണ്. അതിഥിയെ ബഹുമാനിച്ച് സ്വീകരിക്കുകയാണ് വേണ്ടത്..അസുരന്മാര് ബലിയുടെ വാക്കുകള്‍ മാനിച്ചു ശാന്തരായി. ശത്രുവാണെങ്കില്‍ പോലും അതിഥിയെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം…. തന്റെ ജീവന് നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും കൊടുത്തവാക്ക് പാലിക്കുകയും അതിഥിയെ ഈശ്വരന് തുല്യം കാണുകയും ചെയ്ത മഹാബലിയുടെ ഓര്‍മ്മയാണ് ഈ ഓണം… നമുക്കും അദ്ദേഹം കാണിച്ചുതന്നെ ജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം, അതിഥി ദേവോ ഭവഃ… – ശുഭദിനം.