വയനാട്ടിൽ ഉരുള്‍പൊട്ടൽ ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്.
വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ചൂരൽമലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്ലി പാലത്തിലേക്ക് കയറി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയും നാടിന്റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരൽമലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്.
ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെ മോദി കണ്ടു . ആശുപത്രിയിലുള്ള ദുരന്തബാധിതരെ മോദി ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരെയും മോദി കണ്ടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമിക സഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്ന് പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അവലോകനയോഗത്തിൽ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി. മുൻ നിശ്ചയിച്ചതിനേക്കാൾ2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് മോദിയുടെ മടക്കം.
വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം ഈ ദുരന്തം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ആഗസ്ത് 11 മുതൽ 14 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരങ്ങളിൽ മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു.
നടന് മോഹന്‍ലാലിനെതിരായ അധിക്ഷേപവീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ അജു അലക്സിനെതിരെ കൂടുതല്‍ നടപടി വന്നേക്കും.വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ മോഹൻ ലാലിനെതിരെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അജു പ്രതികരിച്ചതിന് പിന്നാലെയാണ് പൊലീസും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചത്.
നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. പ്രതിസന്ധികാലത്ത് സർക്കാർ ധൂർത്തെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.
ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്കുമാറുമായുള്ള തര്‍ക്കത്തിനൊടുവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല.ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം തിരുവനന്തപുരത്ത് നടന്നു. ആറു ടീമുകളും വാശിയോടെയാണ് ലേലത്തില്‍ പങ്കെടുത്തത്. എറണാകുളം സ്വദേശിയായ എം.എസ് അഖിലാണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സാണ് അഖിലിനെ സ്വന്തമാക്കിയത്.
മേല്‍ത്തട്ട് സംവരണം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം വൈകിയെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലെ ഘടകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു.
എസ് സി എസ്ടി സംവരണത്തിലെ കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎ.ഘടകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനാണ് കേന്ദ്രമന്ത്രിസഭായോഗത്തില് ആവശ്യം ഉയര്‍ത്തിയത് . സംവരണത്തിലെ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിരാഗ് വ്യക്തമാക്കി.എസ് സി എസ്ടി സംവരണത്തിലെ കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലാവശ്യം.ഘടകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനാണ് കേന്ദ്രമന്ത്രിസഭായോഗത്തില് ആവശ്യം ഉയര്‍ന്നത്. സംവരണത്തിലെ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിരാഗ് വ്യക്തമാക്കി.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ, വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മമത പറഞ്ഞു.