വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. പൊഴുതന, നെന്മേനി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ് സംഭവം.

 

 

 

 

നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെഎസ്‍ഡിഎംഎ അറിയിച്ചു.വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. അതോടൊപ്പം വയനാട്ടിൽ പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.

 

 

 

 

സൂചിപ്പാറ കാന്തന്‍പാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കൂടി കണ്ടെത്തി. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

 

 

 

 

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തുടര്‍ച്ചയായ വെള്ളിയാഴ്ചകളില്‍ പരിഗണിക്കും. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി ചുമതലപ്പെടുത്തി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

 

 

 

കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു.

 

 

 

 

മുണ്ടക്കൈയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കണമെന്ന് വയനാട് സൗത്ത് ഡി എഫ് ഒ വ്യക്തമാക്കി. റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

വയനാട്ടിലെ പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷത്തെയും, വിദ്ഗധരെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍, വിദ്യാര്‍ത്ഥികള്‍, വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. കുറെ വാഗ്ദാനങ്ങള്‍ മാത്രം പോര, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതില്‍ ഒരുവിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. അതോടൊപ്പം ദുരന്ത സ്ഥലത്തു നിന്നും സൈന്യം മാത്രമാണ് മടങ്ങിയത്, എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്, കൂടാതെ ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും മന്ത്രികൂട്ടിച്ചേർത്തു.

 

 

 

വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുസ്ലീം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നു എന്നാൽ അതുണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

സംഘടനാ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്എൻഡിപി യോഗത്തിന് ഹൈക്കോടതി നിർദേശം നൽകി. എല്ലാ ശാഖാ യോഗങ്ങളിൽ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. എസ്.എൻ.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരിട്ട് നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് നിർദേശം.

 

 

 

യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് നടപടി. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയില്‍ അജുവിനെതിരെ കേസ് എടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരെ കേസ് എടുത്തിരിക്കുന്നത്.

 

 

 

അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്.

 

 

 

 

 

ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ – മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ശ്രീനാരായണ ബസിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

 

 

 

കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടിക്കായി സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീമ്മും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

 

 

ഡോ വദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹ‍‍‍ർജി സുപ്രീം കോടതി തള്ളി. വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.

 

 

സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നൽകിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി.

 

 

 

 

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടനയായ അമ്മ കൊച്ചിയില വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.

 

 

സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സിബിഐ. സിബിഐ ലോഗോ അടക്കം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുവെന്നും, വാറന്‍റും സമന്‍സും കൃത്രിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ തട്ടിപ്പിൽ വീഴരരുത് ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു.

 

 

 

ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടൻ മകനും വാഹനാപകടത്തിൽ മരിച്ചു. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തിൽനിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് മരിച്ചത്.

 

 

 

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് എന്നയാൾ മരിച്ചു. ഇന്നലെ ചൂരൽ മലയിലേക്ക് വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ജീപ്പ് ഡ്രൈവറായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

 

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി. അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് തമിഴ്നാട്ടിലെ ജലവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനുമായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം.

 

 

 

 

പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത്. ഖാൻ മാർക്കറ്റ് പരിസരത്ത് വെച്ചാണ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

 

മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ തുടങ്ങാത്തത്തിൻ്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

 

 

 

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഇയാളിൽനിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

 

 

 

ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകരണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പിയുടെ മുതിർന്നനേതാവ് വ്യക്തമാക്കി.

 

 

 

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയിൽ തുടരുമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങളോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിട്ടില്ല. നിലവിൽ ദില്ലിയിലുള്ള ഹസീന യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *