ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു…. എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാള്‍ കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്നേഹമെന്ന സമസ്യയിലേക്ക് പലപല വഴികള്‍ തുറന്നിടുന്ന രചന. എവിടെയോ തയ്യാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും അനുഭവിപ്പിക്കുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും സ്രഷ്ടാവും കഥാപാത്രവും നീയും ഞാനുമെല്ലാം ഒന്നായി മാറുന്ന, അല്ലെങ്കില്‍ ഒന്നുതന്നെ പലതായി മാറുന്ന, സാമ്പ്രദായികരീതികളെ അട്ടിമറിക്കുന്ന എഴുത്തിന്റെ മാന്ത്രികത. അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍. ‘ദേഹം’. മാതൃഭൂമി. വില 232 രൂപ.