Untitled 1 1

ഓണത്തിന് കിടിലനൊരു ഓണപ്പാട്ട് ആശംസകളുമായി ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ സിനിമ ടീം. ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്‍ന്നാണ്. ഓണത്തിന് കേരളത്തിലേക്ക് വരുന്ന മാവേലിയുടെ ഒരുക്കവും കൂട്ടിന് ഇത്തവണ ജിന്നും എത്തുന്നതാണ് മ്യൂസിക് ആല്‍ബത്തിന്റെ തീം. ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. നോബിനും ഇംതിയാസ് അബൂബക്കറും ചേര്‍ന്ന് കോണ്‍സപ്റ്റ് തയ്യാറാക്കിയ ഈ വ്യത്യസ്ത മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ഇംതിയാസ് അബൂബക്കറാണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനുംകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ സന്തോഷ് മണ്ടൂര്‍ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

രക്ഷിത് ഷെട്ടി നായകനായ കന്നഡ ചിത്രം കിറിക് പാര്‍ട്ടിയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് രശ്മിക മന്ദാന. ആറ് വര്‍ഷത്തെ കരിയറിനിടയില്‍ കന്നഡയിലും തെലുങ്കിലും തമിഴിലുമായി 15 ചിത്രങ്ങള്‍ രശ്മിക പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലേക്കും എത്തുകയാണ് അവര്‍. ബോളിവുഡിലെ അരങ്ങേറ്റചിത്രം അമിതാഭ് ബച്ചനൊപ്പമാണ്. ഗുഡ്‌ബൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബാല്‍ ആണ്. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്‍, എല്ലി അവ്‌റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‌നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 7 ആണ് റിലീസ് തീയതി.

ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം ആഗസ്റ്റ് 26ന് സമാപിച്ച ആഴ്ചയില്‍ 300 കോടി ഡോളര്‍ ഇടിഞ്ഞ് 56,104.6 കോടി ഡോളറിലെത്തി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെ വിദേശ നാണയശേഖരത്തിലുണ്ടായ ഇടിവ് 4,500 കോടി ഡോളറാണ്. 49,864.5 കോടി ഡോളറാണ് വിദേശ കറന്‍സി ആസ്തി (എഫ്.സി.എ); ഇടിവ് 257.1 കോടി ഡോളര്‍. കരുതല്‍ സ്വര്‍ണശേഖരം 27.1 കോടി ഡോളര്‍ താഴ്ന്ന് 3,964.3 കോടി ഡോളറായി. ഡോളറിനെതിരെ രൂപയുടെ തളര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് വിദേശ നാണയശേഖരം കുറയാന്‍ ഇടയാക്കിയത്.

ഇന്ത്യയിലെ യു.പി.ഐ പണമിടപാടുകള്‍ ആഗസ്റ്റില്‍ കുറിച്ചത് പുതിയ ഉയരം. ഇടപാടുകളുടെ എണ്ണം ജൂലായിലെ 629 കോടിയേക്കാള്‍ 4.5 ശതമാനം ഉയര്‍ന്ന് കഴിഞ്ഞമാസം 657 കോടിയിലെത്തി. ഇടപാട് മൂല്യം 10.63 ലക്ഷം കോടി രൂപയില്‍ നിന്ന് 10.73 ലക്ഷം കോടി രൂപയായി; വര്‍ദ്ധന 0.92 ശതമാനമാണെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. യു.പി.ഐ ഇടപാടുകള്‍ ആദ്യമായി 600 കോടി കടന്നത് കഴിഞ്ഞ ജൂണിലാണ്. അതേസമയം, കഴിഞ്ഞമാസം ആധാര്‍ അധിഷ്ഠിത പേമെന്റുകള്‍ 10.6 കോടിയായി കുറഞ്ഞു. ജൂണില്‍ 12.1 കോടിയും ജൂലായില്‍ 11 കോടിയുമായിരുന്നു. ഇടപാട് മൂല്യം ഇക്കാലയളവില്‍ 16.1 ശതമാനം കുറഞ്ഞ് 27,186 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം യു.പി.ഐ ഇടപാടുകളിലുണ്ടായ വര്‍ദ്ധന 84.6 ശതമാനമാണ്. ഇടപാട് മൂല്യം 67.9 ശതമാനവും ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം (2022-23) ഇതുവരെ നടന്നത് 4,481 കോടി യു.പി.ഐ ഇടപാടുകളാണ്; മൂല്യം 77.9 ലക്ഷം കോടി രൂപ. 2021-22ല്‍ ഇടപാടുകള്‍ 4,597 കോടിയും മൂല്യം 84.2 ലക്ഷം കോടി രൂപയുമായിരുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ 2022 ആഗസ്റ്റ് മാസത്തെ ആകെ വില്‍പന ഏഴ് ശതമാനം വര്‍ധിച്ച് 4,62,523 യൂണിറ്റിലെത്തി. ഇതില്‍ 4,23,216 യൂണിറ്റ് ആഭ്യന്തര വില്‍പനയും 39,307 യൂണിറ്റ് കയറ്റുമതിയുമായിരുന്നു. 2021 ആഗസ്റ്റില്‍ ആകെ വിറ്റഴിച്ച 4,31,594 യൂണിറ്റുകളില്‍ 4,01,480 യൂണിറ്റ് ആഭ്യന്തര വില്‍പനയും 30,114 യൂണിറ്റ് കയറ്റുമതിയായിരുന്നു എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുന്‍ മാസത്തെയും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെയും താരമത്യം ചെയ്യുമ്പോള്‍ കമ്പനിയുടെ പ്രകടനം സ്ഥിരത കൈവരിയ്ക്കുകയാണ്. എല്ലാ കേന്ദ്രങ്ങളിലും ലഭ്യമായ ആകര്‍ഷകമായ വായ്പാ പദ്ധതികള്‍ ആഘോഷങ്ങള്‍ ഇരട്ടിയാക്കും.

ഒമ്പതാം വയസ്സില്‍ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവല്‍. അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധാനന്തര ദുരിതങ്ങളില്‍പെട്ടുഴറുന്ന മനുഷ്യരെ ടര്‍ക്കിയിലൂടെ ഗ്രീസിലേക്കും നടക്കാന്‍ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്‌കൂളിലെ ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്റെ അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ്ആയി പരിണമിക്കുന്നതിന്റെ നേര്‍ക്കണ്ണാടിയാണ്, ടര്‍ക്കിയിലെ പുതുതലമുറ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹകന്‍ ഗുണ്ടായ്യുടെ ഈ കൃതി. ‘പോരാ പോരാ’. വിവര്‍ത്തനം: രമാമേനോന്‍. ഗ്രീന്‍ ബുക്‌സ്. വില 522 രൂപ.

അരക്കെട്ടിന്റെ വലുപ്പം ഓരോ ഇഞ്ച് വര്‍ധിക്കുമ്പോഴും ഹൃദയാഘാത സാധ്യത 10 ശതമാനം കൂടുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ആണ് പഠനം നടത്തിയത്. കുടവയറുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3.21 മടങ്ങ് അധികമാണെന്നും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഈ ഗവേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. അമിതഭാരമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ പ്രശ്‌നം വരാനുള്ള സാധ്യത 2.65 മടങ്ങ് അധികമാണെന്നും പഠനം പറയുന്നു. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങളും പ്രോട്ടീനും ഫൈബറും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ കഴിയും. വയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ചോറ് ഒഴിവാക്കുക. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുക. പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയര്‍ കൂട്ടും. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നുറങ്ങാന്‍ പോകുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊര്‍ജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശീതളപാനീയങ്ങള്‍ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറല്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പെ വെള്ളം കുടിച്ചാല്‍ വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ട് കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യനാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറെ നേരം വയര്‍ നിറഞ്ഞതായും തോന്നിപ്പിക്കും. വ്യായാമം ശീലമാക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ഉപേക്ഷിക്കുക. മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ മെഡിറ്റേഷന്‍ പോലുള്ള ധ്യാനമുറകള്‍ പരിശീലിക്കുക.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *