web cover 10

റോഡു പണിത് ആറു മാസത്തിനകം തകര്‍ന്നാല്‍ എന്‍ജിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു വര്‍ഷത്തിനകം റോഡു തകര്‍ന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടണം. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കെ റയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി വൈകിപ്പിക്കുകയാണെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗത്തില്‍ പരാതി ഉന്നയിച്ച് കേരളം. കേരളത്തിന്റെ റെയില്‍, റോഡ് ഗതാഗത വികസനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലും ഗതാഗത സൗകര്യങ്ങള്‍ക്കു സഹായം വേണമെന്നു മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു.

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വികസിച്ചെന്ന് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോല്‍പ്പിക്കുന്നത്. 2019 ലും ഇന്ത്യ യുകെയെ പിന്തള്ളി അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

രാഷ്ട്രീയം പറയേണ്ടിടത്ത് പറയുമെന്ന് നിയുക്ത സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രി, സ്പീക്കര്‍ പദവികള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കൂ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു.

സ്പീക്കര്‍ എം.ബി രാജേഷ് ഇന്ന് രാജിവയ്ക്കും. ചൊവ്വാഴ്ച രാവിലെ 11 നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ചേരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്പീക്കര്‍ രാജിവയ്ക്കുന്ന ഒഴിവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചുമതലകള്‍ നിര്‍വഹിക്കും.

വിമാനയാത്രയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയതിന് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രതിനിധി തന്നോടു ക്ഷമാപണം നടത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്ന് ജയരാജന്‍ പറഞ്ഞു. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തികമായും ആരോഗ്യപരമായും ലാഭം. നല്ല ഉറക്കവും കിട്ടും. ജയരാജന്‍ പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച സുപ്രധാനമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള കൂപ്പണ്‍ വിതരണം വൈകും. ആവശ്യക്കാരുണ്ടെങ്കില്‍ മാത്രമേ കൂപ്പണ്‍ ഇറക്കൂ. കൂപ്പണുകള്‍ വേണ്ടെന്ന് സി ഐ ടി യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ നിലപാടെടുത്തു.

എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി ചാക്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി എ.കെ ശശീന്ദ്രനാണ് പേര് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് എംഎല്‍എ പിന്താങ്ങി. അഡ്വ. പി.എം സുരേഷ് ബാബു, പി.കെ രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി.ജെ കുഞ്ഞുമോന്‍ ട്രഷററാണ്.

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇടുക്കി മാങ്കുളത്ത് ജനവാസ മേഖലയില്‍ ആക്രമണം നടത്തിയ പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലനാണ് പുലിയെ വെട്ടിക്കൊന്നത്. കൈക്കും കാലിനും പരിക്കേറ്റ ഗോപാലനെ അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയംരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കില്ലെന്നു വനംവകുപ്പ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷ ജീവനക്കാരെ മര്‍ദിച്ചതിന് ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൂടി കേസെടുത്തു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അശ്വിന്‍, സജില്‍ മഠത്തില്‍, രാജേഷ്, നിഖില്‍, ഷബീര്‍, ജിതിന്‍ രാജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണാണു മുഖ്യപ്രതി.

ലക്ഷദ്വീപിനു സമീപം ചക്രവാതച്ചുഴി നിലവിലുള്ളതിനാല്‍ കേരളത്തില്‍ നാലു ദിവസം മഴയ്ക്കു സാധ്യത.

ചിട്ടി തുകയും ബാങ്കു വായ്പയും ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തിലെ ഒരാള്‍ താമരശ്ശേരി പൊലീസിന്റെ പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി പട്ടരുപടി, മാട്ടംതൊടുവില്‍, ഹാരിസ് (42) ആണ് പിടിയിലായത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം വെഴുപ്പൂര്‍ റോഡിലെ ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍നിന്നാണ് വില്ലേജ് ഓഫീസറുടെ സീലും മറ്റും സഹിതം ഇയാളെ പിടികൂടിയത്.

വയനാട് തരുവണയിലെ മുഫീദ എന്ന സ്ത്രീ തീകൊളുത്തി മരിച്ച സംഭവത്തില്‍ രണ്ടാം ഭര്‍ത്താവിന്റെ മക്കള്‍ക്കെതിരേ വെള്ളമുണ്ട പൊലിസ് കേസെടുത്തു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുഫീദയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍. പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപെട്ടു. ജുഡീഷ്യല്‍ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമര്‍ശിച്ചു.

ട്രൗസറില്‍ മൂത്രം ഒഴിച്ച മൂന്നു വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പിച്ച് അങ്കണവാടി ജീവനക്കാരിക്കെതിരേ കേസ്. കര്‍ണാടകയിലെ തുംകുരുവിലാണു സംഭവം.

പ്രശസ്തിക്കുവേണ്ടി നാലു പേരെ കൊലപ്പെടുത്തിയ പതിനെട്ടുകാരനെ പോലീസ് പിടികൂടി. ശിവപ്രസാദ് ധുര്‍വെയെയാണ് അറസ്റ്റു ചെയ്തത്. മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി നാലു സെക്യൂരിറ്റി ജീവനക്കാരെയാണ് റിപ്പര്‍ മോഡലില്‍ തലയ്ക്കടിച്ചു കൊന്നത്.

ലൈംഗിക പീഡനശ്രമം തടഞ്ഞ യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു കൊന്നു. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ തൊഹാനയില്‍ താമസിക്കുന്ന 35 കാരിയായ യുവതിയെയാണ് മകന്റെ മുന്നില്‍വച്ച് ട്രാക്കിലേക്ക് തള്ളിയിട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ യുവതി കൊല്ലപ്പെട്ടു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമൂഹ്യമാധ്യമങ്ങളില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ ഭാര്യ കുളിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റു ചെയ്ത യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ സന്ദീപ് എന്ന യുവാവാണ് പിടിയിലായത്. ഭാര്യയുടെ പരാതിയിലാണ് നടപടി.

സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ ഡല്‍ഹി പോലീസ് ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് ചോദ്യം ചെയ്തത്.

ബിഹാറില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്തിയ നിതീഷ്‌കുമാറിന്റെ ജെഡിയു പാര്‍ട്ടിയുടെ മണിപ്പൂരിലെ അഞ്ച് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നിതീഷ്‌കുമാര്‍ നീക്കം നടത്തിയിരുന്നു. ഇതിനിടയിലാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ കൊളംബോയില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏഴാഴ്ച മുമ്പാണ് രാജപക്സെ രാജ്യം വിട്ടത്. അര്‍ധരാത്രി കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോട്ടബയയെ കനത്ത പൊലീസ് കാവലിലാണ് മുന്‍ പ്രസിഡന്റിനുള്ള സര്‍ക്കാര്‍ മന്ദിരത്തിലേക്കു കൊണ്ടുപോയത്.

അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരം അജില ടോംലിയാനോവിച്ചിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടിവിലാണ് സെറീന തോല്‍വി വഴങ്ങിയത്. യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ അട്ടിമറിജയം സ്വന്തമാക്കി സിംബാബ്വെ. മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. സ്പിന്നര്‍ റയാന്‍ ബേളിന്റെ മികവില്‍ 31 ഓവറില്‍ വെറും 141 റണ്‍സിന് ഓസ്ട്രേലിയയെ പുറത്താക്കിയ സിംബാബ്വെ 39 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ സിംബാബ്വെ നേടുന്ന ആദ്യ ജയമാണിത്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 25 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമ ‘പടവെട്ടി’ന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ പൊന്നിയിന്‍ സെല്‍വനിലെ വലിയ പഴുവേട്ടരയരിനെയും ചിന്ന പഴുവേട്ടവരയരിനെയും പരിചയപ്പെടുത്തി പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ശരത്കുമാറും പാര്‍തഥിപനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രം സെപ്തംബര്‍ 30ന് റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം.

ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല അടുത്തിടെയാണ് തങ്ങളുടെ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഒല എസ്1 പുറത്തിറക്കിയത്. ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് സ്‌കൂട്ടറിന് 10,000 ത്തോളം ബുക്കിംഗുകള്‍ ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ . എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. സൗന്ദര്യപരമായി, എസ് 1, എസ് 1 പ്രോ എന്നിവ തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. രണ്ടും ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റിനടിയില്‍ സ്റ്റോറേജ്, വിശാലമായ സീറ്റ് എന്നിവയുമായി വരുന്നു. അലോയ് വീലുകളോടൊപ്പം ട്യൂബ് ലെസ് ടയറുകളും ഉണ്ട്. ട1 അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം ട1 പ്രോ 11 കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

കാടിന്റെ മക്കളുടെ കഥയാണ് ‘ഹിഡിംബി’. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോവല്‍ യാഥാസ്ഥിതിക വായനകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പാമ്പുകളും മഹിഷങ്ങളും മാനുകളും തേന്‍കുറ്റികളും ചെടികളും പൂക്കളും വൃക്ഷങ്ങളും ഔഷധങ്ങളും നിറയുന്ന ഹിഡിംബിയുടെ ലോകം പാരിസ്ഥിതിക ജീവിതത്തിന്റെ വിസ്മയകരമായ സ്വപ്നലോകമാണ്. എം എന്‍ വിനയകുമാര്‍. ഗ്രീന്‍ ബുക്സ്. വില 320 രൂപ.

കോവിഡ് കാലത്തു ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ കുട്ടികളില്‍ നേത്ര സംബന്ധമായ പ്രശ്നങ്ങളും വര്‍ധിച്ചു. ദിവസവും 68 മണിക്കൂര്‍ വരെ കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ ചെലവഴിക്കേണ്ടി വരുന്ന ഐടി പ്രഫഷനലുകളും സമാന പ്രശ്നങ്ങള്‍ നേരിടുന്നു. നല്ല വെളിച്ചമുള്ള മുറിയില്‍ ഇരുന്നു വേണം സ്‌ക്രീനുകളിലേക്കു നോക്കാന്‍. കസേരയില്‍ ഇരുന്നു ഡിജിറ്റല്‍ ഉപകരണങ്ങള്‍ മേശയില്‍ വച്ച് ഉപയോഗിക്കുന്നതാണു നല്ലത്. സ്‌ക്രീന്‍ സമയം കൂടുതലുള്ള ആളുകള്‍ 20-20-20 എന്ന നിയമം പാലിക്കുന്നതു നല്ലതാണ്. 20 മിനിറ്റ് നേരം സ്‌ക്രീനിലേക്കു നോക്കിയിരുന്ന ശേഷം 20 സെക്കന്‍ഡ് കണ്ണ് അതില്‍ നിന്നു മാറ്റി 20 അടി ദൂരെയുള്ള സ്ഥലത്തേക്കു നോക്കുന്നതു കണ്ണിലെ പേശികളുടെ ആയാസം കുറയ്ക്കും. വായിക്കുമ്പോഴും മറ്റും കണ്ണട ഒഴിവാക്കുന്നതും കണ്ണടകള്‍ മാറി ഉപയോഗിക്കുന്നതും പലര്‍ക്കുമുള്ള ശീലമാണ്. കണ്ണട ഉപയോഗിക്കാതെയും മറ്റൊരാളുടെ കണ്ണട ഉപയോഗിച്ചാലും ചിലപ്പോള്‍ വായിക്കാന്‍ കഴിയുമായിരിക്കും. രണ്ടായാലും കണ്ണിനു സമ്മര്‍ദമുണ്ടാകും. അതു നല്ലതല്ല. നമ്മുടെ കാഴ്ച ശക്തി സ്ഥിരമായി നില്‍ക്കുന്നതല്ല. 18-20 വയസ്സുവരെ കണ്ണും വളരുന്നുണ്ട്. കാഴ്ചശക്തിയിലും മാറ്റം വരുന്നുണ്ട്. കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാ വര്‍ഷവും കാഴ്ച ശക്തി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് അത് കണ്ണിനെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. 40 വയസ്സു കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും നേത്ര പരിശോധന ശീലമാക്കണം. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കണ്ണ് പ്രത്യേകം കരുതണം. ഹെല്‍മറ്റിന്റെ ഗ്ലാസ് കവറോ, കണ്ണുകള്‍ക്കുള്ള സംരക്ഷണ ഗ്ലാസുകളോ ഉപയോഗിക്കാതെ ഒരിക്കലും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കരുത്. രാസവസ്തുക്കള്‍ കണ്ണിലായാലും പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാല്‍ 15-20 മിനിറ്റു നേരം തുടര്‍ച്ചയായി കണ്ണുകള്‍ നല്ല വെള്ളം കൊണ്ടു കഴുകണം. ഏറെ വൈകാതെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.71, പൗണ്ട് – 91.75, യൂറോ – 79.34, സ്വിസ് ഫ്രാങ്ക് – 81.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.31, ബഹറിന്‍ ദിനാര്‍ – 211.49, കുവൈത്ത് ദിനാര്‍ -258.48, ഒമാനി റിയാല്‍ – 207.05, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 60.69.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *