ബലേനോയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ഫ്രോങ്‌സിന്റെ വില പ്രഖ്യാപിച്ചു. 1.2 ലിറ്റര്‍, 1 ലിറ്റര്‍ എന്‍ജിന്‍ വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 7.46 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്ററിന്റെ അടിസ്ഥാന വകഭേദത്തിന്റെ വില 7.46 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന്റെ വില 9.72 ലക്ഷം രൂപയുണ്ട്. 1 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍ മോഡലിന്റെ വില 9.72 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെ. ബലേനോയുമായി ഏകദേശം 85000 രൂപ വില വ്യത്യാസത്തിലാണ് അടിസ്ഥാന വകഭേദത്തിന്റെ വില ആരംഭിക്കുന്നത്. ബലനോയുടെ വില 6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ്. 1 ലിറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലിറ്റര്‍ എന്‍ജിന്‍ 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്‌സുമുണ്ട്. 1.2 ലിറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്‌സും ലഭിക്കും. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില്‍ ഫ്രോങ്‌സ് എത്തും.