സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ കൂടി. 45,200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 44,560 രൂപയായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വില. 45,320 രൂപയാണ് സ്വര്‍ണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വില. ഈ വര്‍ഷം ഏപ്രില്‍ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഇതോടെ സ്വര്‍ണ വില ട്രായ് ഔണ്‍സിന് വീണ്ടും 2000 ഡോളര്‍ കടന്ന് 2020 ഡോളറിലേക്ക് എത്തി. ഇന്നലെ മാത്രം 40 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ വില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 81.80ലുമാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നു. ഇതേത്തുടര്‍ന്ന് കേരള വിപണിയില്‍ സ്വര്‍ണ വില ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ച് ഗ്രാമിന് 5650 രൂപയും പവന് 45,200 രൂപയുമായി.
ഒറ്റയടിക്ക് കൂടിയത് 640 രൂപ, സ്വര്‍ണം പവന് 45,200!
