ഇന്ത്യന്‍ വ്യോമയാന വ്യവസായം രംഗത്ത് മുന്നേറ്റം തുടരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് വ്യോമയാന വ്യവസായം കാഴ്ചവച്ചത്. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 60 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 13.60 കോടിയിലെത്തി. ആഭ്യന്തര യാത്രയ്ക്കായി കഴിഞ്ഞ വര്‍ഷം 8.52 കോടി യാത്രക്കാരാണ് ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിച്ചത്. അതേസമയം, മാര്‍ച്ച് മാസത്തിലെ മാത്രം പാസഞ്ചര്‍ ട്രാഫിക് 1.30 കോടിയാണ്. 2022 മാര്‍ച്ചിലെ 1.06 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, വ്യോമ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് നേരിയ തോതില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യോമയാന രംഗം വലിയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, കോവിഡിന് മുന്‍പ് ഉളള നിലയിലേക്ക് എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.