ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 10 കമ്പനികളില്‍ ഏഴിന്റെയും വിപണി മൂലധനം കഴിഞ്ഞ ഒരാഴ്ച കൊണ്ട് വര്‍ദ്ധിച്ചത് 1,33,707.42 കോടി രൂപ. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകളാണ്. ഓഹരി വിപണിയിലെ മികച്ച 10 കമ്പനികളില്‍ ഏഴും ലാഭത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഐടിസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 44,956.5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 17,53,888.92 കോടി രൂപയായി കുതിച്ചു. എച്ച്ഡിഎഫ്സി ബാങ്കാണ് രണ്ടാം സ്ഥാനത്ത്. നിക്ഷേപകര്‍ക്ക് 22,139.15 കോടി രൂപയോളമാണ് ബാങ്ക് നേടിക്കൊടുത്തത്. ബാങ്കിന്റെ ആകെ മൂല്യം 8,34,517.67 കോടി രൂപയായും ഉയര്‍ന്നു. അതേസമയം, ടോപ് 10ല്‍ ഉള്‍പ്പെട്ട മൂന്ന് കമ്പനികളുടെ നിക്ഷേപകരുടെ പണം കഴിഞ്ഞ ആഴ്ച നഷ്ടമായി. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം നേരിട്ടത്.