വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനും ചെയര്മാന് എമിരറ്റസുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിലെ 128.7 കോടി രൂപ മൂല്യമുള്ള 45 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടാണ് ഇതില്‍ 35 ലക്ഷം ഓഹരികളും സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 286 രൂപ വീതമാണ് ഇടപാട്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുക. ഇതിനു മുന്‍പ് 2021 ഫെബ്രുവരിയില്‍ 40 ലക്ഷം ഓഹരികളും ആ വര്‍ഷം ജൂണില്‍ 50 ലക്ഷം ഓഹരികളും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിറ്റഴിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായം, ഭവനരഹിതര്‍ക്ക് വീട് വെക്കാന്‍ സഹായം, പാവപ്പെട്ട വനിതകള്‍ക്കുള്ള സഹായം എന്നീ രംഗങ്ങളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. സംരംഭകത്വം പരിശീലന പരിപാടികളും ഫൗണ്ടേഷന് സംഘടിപ്പിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ കീഴില്‍ കൊച്ചിയില്‍ ചിറ്റിലപ്പിള്ളി സ്ക്വയര്‍ എന്ന പേരില്‍ അത്യാധുനിക പൊതുപാര്‍ക്കും ആരംഭിച്ചിട്ടുണ്ട്. നടപ്പു പാദത്തിന്റെ തുടക്കത്തില്‍ വി-ഗാര്‍ഡ് ഇന്ഡസ്ട്രീസില് പ്രമോട്ടര്‍മാര്‍ക്ക് 55.62 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. വി-ഗാര്‍ഡ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് 4.54 കോടി ഓഹരികളുണ്ടായിരുന്നു. അതായത് മൊത്തം ഓഹരിയുടെ 10.47 ശതമാനം. പുതിയ ഓഹരി വില്‍പ്പനയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഓഹരികളുടെ എണ്ണം 4.09 കോടിയായി. പ്രമോട്ടര്‍മാരുടെ മൊത്തം ഓഹരി വിഹിതം 54.8 ശതമാനമായും കുറഞ്ഞു.