ഇക്കഴിഞ്ഞ ഓണനാളുകളില്‍ 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായി കേരള ഖാദി ബോര്‍ഡ്. കഴിഞ്ഞവര്‍ഷം ഈ സമയം 17.81 കോടി രൂപയുടേതായിരുന്നു വില്പന. 4.7 കോടിയുടെ അധിക വില്പനയാണ് ഈ വര്‍ഷം ലഭിച്ചത്. റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാന്‍ കഴിഞ്ഞു. ഖാദിയിലെ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഒല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകള്‍ തോറും ഓരോ പവനുമാണ് നല്‍കുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസില്‍ ഒക്ടോബര്‍ 20ന് നറുക്കെടുക്കും. ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് 30ശതമാനം വരെ റിബേറ്റ് നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങാം. ആഴ്ചയില്‍ ഒരു ദിവസം തൂവെള്ള ഖാദിവസ്ത്രം ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നോളെജ് സിറ്റിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളുമായി വ്യാപാരം വര്‍ദ്ധിപ്പിക്കുന്ന നടപടിയെടുത്തു വരികയാണ്. ഈ സാമ്പത്തികവര്‍ഷം 150 കോടി വില്പനയാണ് ലക്ഷ്യമിടുന്നത്. ഖാദിബോര്‍ഡില്‍നിന്ന് വായ്പ എടുത്ത് കുടിശ്ശിക നിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഒക്ടോബര്‍ 9 ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കും.