നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ യൂണിയന്‍ ബാങ്കിന് 107.67 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,236 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1,558 കോടി രൂപയായിരുന്നു ലാഭം. ജനുവരി -മാര്‍ച്ച് പാദത്തിലെ 2,782 കോടി രൂപയേക്കാള്‍ 16 ശതമാനം അധികവുമാണ് കഴിഞ്ഞപാദ ലാഭം. പ്രവര്‍ത്തന ലാഭം പാദാടിസ്ഥാനത്തില്‍ 6,823 കോടി രൂപയില്‍ നിന്ന് 5.22 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 5,448 കോടി രൂപയില്‍ നിന്ന് 31.79 ശതമാനവും ഉയര്‍ന്ന് 7,179 കോടി രൂപയുമായി. അറ്റ പലിശ വരുമാനം കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 7,582 കോടി രൂപയില്‍ നിന്ന് 16.59 ശതമാനം ഉയര്‍ന്ന് 8,840 കോടി രൂപയായി. മാര്‍ച്ച് പാദത്തിലേതിനേക്കാള്‍ 7.14 ശതമാനം അധികമാണിത്. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനത്തില്‍ നിന്ന് 3.13 ശതമാനത്തിലേക്കും മെച്ചപ്പെട്ടതും നേട്ടമായി. മാര്‍ച്ച്പാദത്തില്‍ ഇത് 2.98 ശതമാനമായിരുന്നു. വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.28 ലക്ഷം കോടി രൂപയില്‍ നിന്ന് 12.33 ശതമാനം ഉയര്‍ന്ന് 8.18 ലക്ഷം കോടി രൂപയായി. കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 8.09 ലക്ഷം കോടി രൂപയേക്കാള്‍ 1.06 ശതമാനം അധികവുമാണിത്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 2022-23 ജൂണ്‍പാദത്തിലെ 10.22 ശതമാനത്തില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ 7.34 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ഇക്കഴിഞ്ഞ ജനുവരി മാര്‍ച്ചില്‍ ഇത് 7.53 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 3.31 ശതമാനത്തില്‍ നിന്ന് 1.58 ശതമാനമായി കുറഞ്ഞതും ബാങ്കിന് ഗുണമായി. ആകെ 8,561 ശാഖകളും (വിദേശ ശാഖകള്‍ ഉള്‍പ്പെടെ) 10,195 എ.ടി.എമ്മുകളുമാണ് യൂണിയന്‍ ബാങ്കിനുള്ളത്.