അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള 32 ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാന്‍സര്‍, മാനസിക പ്രശ്നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങള്‍ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന പഠനങ്ങള്‍ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടാകുന്നത്. ഓസ്‌ട്രേലിയ, യുഎസ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ 50 ശതമാനവും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകള്‍ 12 ശതമാനവും, ഉത്ക്കണ്ഠയടക്കമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ 48 മുതല്‍ 50 ശതമാനവും വര്‍ധിക്കുമെന്നും പഠനത്തില്‍ പറയുന്നു. വിഷാദരോഗത്തിനുള്ള സാധ്യത 22 ശതമാനമാണ് ഈ ഭക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നത്. അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് സ്തനാര്‍ബുദം ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, വന്‍കുടല്‍ കാന്‍സര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ രോഗങ്ങളളുണ്ടാകുന്ന സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആസ്ത്മ, ദഹനപരമായ പ്രശ്‌നങ്ങള്‍, അധികഭാരം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകാനിടയുണ്ട്.