22 ശതകോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിച്ച് 2022. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ 142 പേരുണ്ടായിരുന്ന ശതകോടീശ്വര പട്ടിക 2022 അവസാനിക്കുമ്പോള്‍ 120 ആണ്. ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,241 കോടി) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി പരിഗണിക്കുന്നത്. പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ (0.35 ബില്യണ്‍ ഡോളര്‍), ഓറിയന്റ് ഇലക്ട്രിക്കിന്റെ സികെ ബിര്‍ള (0.88 ബില്യണ്‍ ഡോളര്‍), യു. ഉദയ് കുമാര്‍ റെഡ്ഡി (ടാന്‍ല പ്ലാറ്റ്ഫോംസ്), സുശീല്‍ ഷാ( മെട്രോപോളിസ് ഹെല്‍ത്ത്കെയര്‍), അശോക് കുമാര്‍ തോടി (ലക്സ് ഇന്‍ഡസ്ട്രീസ്), രവി ഗോയങ്ക (ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്), വെങ്കട്ട് വിശ്വനാഥന് ( ലേറ്റന്റ് വ്യൂ അനലിറ്റിക്സ്) എന്നിവരാണ് പട്ടികയില്‍ നിന്ന് പുറത്തായ പ്രമുഖര്‍. നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി തന്നെ. ഈ വര്‍ഷമാണ് മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി അദാനി മാറിയത്. 135.7 ബില്യണ്‍ ഡോളറോളമാണ് അദാനിയുടെ ആസ്തി. അംബാനിയുടെ ആസ്തി 2.5 ശതമാനം ഇടിഞ്ഞ് 101.75 ബില്യണ്‍ ഡോളറിലെത്തി. മൂന്നാം സ്ഥാനത്തുള്ള ഡിമാര്‍ട്ടിന്റെ രാധാകൃഷ്ണന് ധമാനിയുടെ ആസ്തി 21 ശതമാനം ഇടിഞ്ഞ് 23.75 ബില്യണ്‍ ഡോളറിലെത്തി. 20.65 ബില്യണ്‍ ഡോളറാണ് ശിവ് നാടാറിന്റെ (എച്ച്സിഎല്‍) ആസ്തി. ശിവ് നാടാറിന്റെ ആസ്തി ഒരുവര്‍ഷം കൊണ്ട് 28 ശതമാനത്തോളം ആണ് ചുരുങ്ങിയത്. ഏഷ്യന്‍ പെയിന്റ്സ് പ്രൊമോട്ടര്‍മാരാണ് (അശ്വിന് ദാനി, അമൃത, മനീഷ് ചോക്സി) അഞ്ചാമത്. 17.6 ശതമാനം ഇടിഞ്ഞ ഇവരുടെ ആസ്തി 18.72 ബില്യണ്‍ ഡോളറാണ്.
2022 ല്‍ കൊഴിഞ്ഞുപോയത് 22 ശതകോടീശ്വരന്മാര്!
