എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന് അമേസിന്റെ വില 12,000 രൂപ വരെ ഉയര്‍ത്താന്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ തീരുമാനം. അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം ഉല്പാദനച്ചെലവിലുണ്ടായ വര്‍ധനയുടെ ആഘാതം നികത്തുന്നതിനാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്പനി പറയുന്നതനുസരിച്ച്, മോഡലിന്റെ വ്യത്യസ്ത ട്രിമ്മുകള്‍ അനുസരിച്ച് വില വര്‍ദ്ധനവ് വ്യത്യാസപ്പെടും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഇടത്തരം സെഡാന് സിറ്റിയുടെ വില മാറ്റമില്ലാതെ തുടരും. അതുപോലെ, 2023 ഏപ്രില്‍ 1 മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില 5 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു.