മാര്‍ച്ചില്‍ രാജ്യത്തെ കല്‍ക്കരി ഉത്പാദനം 12 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 96.26 മില്യണ്‍ ടണ്ണില്‍ നിന്നും ഉത്പാദനം 12 ശതമാനം വര്‍ദ്ധിച്ച് 107.84 മില്യണ്‍ ടണ്ണായി. കൂടാതെ ഈ കാലയളവില്‍ ഉണ്ടായ കല്‍ക്കരി വിതരണത്തിലും 7.49 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിതരണം 77.38 മില്യണ്‍ ടണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത്തവണ ഇത് 83.18 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. കോള്‍ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് മൈനുകള്‍ എന്നിവ വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 4.06 ശതമാനം, 8.53 ശതമാനം, 81.35 ശതമാനം എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. ഇവയുടെ വിതരണത്തിലും വര്‍ദ്ധനവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 3.40 ശതമാനം, 12.61 ശതമാനം, 31.15 ശതമാനം എന്നിങ്ങനെയാണ് വര്‍ദ്ധിച്ചത്. കൂടാതെ, പവര്‍ യൂട്ടിലിറ്റികളുടെ വിതരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 65.51 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 4.36 ശതമാനം വര്‍ദ്ധിച്ച് 68.36 മെട്രിക് ടണ്ണായി. രാജ്യത്തെ 37 പ്രധാന കല്‍ക്കരി ഉത്പാദന ഖനികളില്‍, 29 എണ്ണവും 100 ശതമാനത്തിലധികം ഉത്പാദനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ളവ 80 -100 ശതമാനം വരെയും റിപ്പോര്‍ട്ട് ചെയ്തു. കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനം, മാര്‍ച്ചില്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപെടുത്തിയതിനേക്കാള്‍ 5.70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തത്തിലുള്ള വൈദ്യുതി ഉത്പാദനം 2022 മാര്‍ച്ചില്‍ ഉത്പാദിപ്പിച്ച വൈദ്യുതിയെക്കാള്‍ 4.59 ശതമാനം കൂടുതലാണ്. മൊത്ത വൈദ്യുത ഉത്പാദനം ഫെബ്രുവരിയില്‍ ഉണ്ടായ 1,28,026 മില്യണ്‍ യൂണിറ്റിനെക്കാള്‍ 1,39,718 മില്യണ്‍ യൂണിറ്റായി വര്‍ധിച്ചു.