യുട്യൂബില്‍ തരംഗം സൃഷ്ടിച്ച് വിജയ്യുടെ ‘ലിയോ’ ട്രെയിലര്‍. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. അരമണിക്കൂറുകള്‍ കൊണ്ട് ട്രെയിലറിന് ലഭിച്ചത് 50 ലക്ഷം റിയല്‍ടൈം വ്യൂസ് ആണെന്ന് സണ്‍ ടിവി ട്വീറ്റ് ചെയ്തു. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദളപതിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അര്‍ജുനും വരുന്നു. ദളപതി വിജയ്യോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.