സംസ്ഥാനങ്ങള്‍ക്കു ജൂണ്‍ മാസത്തെ ജിഎസ്ടി നഷ്ടപരിഹാര സെസ് 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന ധനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിനുള്ള ജിഎസ്ടി കുടിശിക തരാന്‍ ജിഎസ്ടി ട്രൈബ്യൂണല്‍ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരാഴ്ചക്കുള്ളില്‍ തുക ലഭ്യമാകുമെന്നും ബാലഗോപാല്‍ പറഞ്ഞു.
പത്തനംതിട്ട ആറന്മുളയില്‍ പമ്പയാറ്റില്‍ കാണാതായ മൂന്നു പേരില്‍ രണ്ടു പേരുടെ മൃതദേഹം കിട്ടി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ മെറിന്‍, മെഫിന്‍ എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. എബിനുവേണ്ടി തെരച്ചില്‍ തുടരുന്നു. മാരാമണ്‍ കണ്‍വന്‍ഷന് എത്തിയ എട്ടംഗ സംഘത്തിലുള്ളവരാണ് പരപ്പുഴ കടവി കുളിക്കാനിറങ്ങി മുങ്ങിപ്പോയത്.
ബന്ധുനിയമന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം. സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണമെന്നും സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൂടുതല്‍ തുകയ്ക്കു ക്വട്ടേഷന്‍ നല്‍കിയിട്ടും കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണകരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതി സ്റ്റേ. നിര്‍മാണത്തിനു ക്വട്ടേഷന്‍ നല്‍കിയ പി.എം മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
സ്വന്തമായി യു ട്യൂബ് ചാനല്‍ നടത്തി വരുമാനമുണ്ടാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെട്ടിലായി. യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായത്.
ആറ്റിങ്ങലില്‍ വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്. സമ്മാനാര്‍ഹമായ ലോട്ടറിയുടെ ടിക്കറ്റിന്റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പു ശ്രമം. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളും പിടികൂടി. സംഘത്തില്‍ രണ്ടു പേര്‍ കൂടി ഉണ്ട്.
തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്‌സ് തട്ടിപ്പു കേസിലെ പ്രതികളുടെ മുഴുവന്‍ നിക്ഷേപങ്ങളും മരവിപ്പിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉത്തരവിറക്കി. ധനവ്യവസായ ബാങ്കേഴ്‌സ് ഉടമകളായ ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവരജംഗമ വസ്തുക്കളും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഉത്തരവ്.
പാലക്കാടിനു പിറകേ തലശേരിയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി. ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു കരിങ്കൊടി ഉയര്‍ത്തിയത്. രാവിലെ പാലക്കാട് ചാലിശ്ശേരിയില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയപ്പോള്‍ മുഖ്യമന്ത്രിയ്ക്കു നേരെ രണ്ടിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. നാലു പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കുന്നതു വിവാദമുണ്ടാകേണ്ട ആവശ്യമില്ലെന്നു മന്ത്രി ആന്റണി രാജു. യൂണിയനുകള്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.
ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ.എ റഹീം എംപി. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടു പ്രസ്ഥാനങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും റഹീം പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നാളെ പ്രതിഷേധ റാലിയുമായി 79 ക്രൈസ്തവ സംഘടനകള്‍. ജന്തര്‍മന്തറിലാണ് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണു റാലി. കള്ളക്കേസ് എടുക്കുന്നതായും പരാതിയുണ്ട്.
ജിഎസ്ടി നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. പിഴവു തിരുത്തി പണം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാഹത്തിനു വഴങ്ങാത്തതിനു കര്‍ണാടകയില്‍ പതിനേഴുകാരിക്കുനേരെ ആസിഡ് ആക്രമണം. രാമനഗര ജില്ലയിലെ കനകപുരയിലാണു പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. കനകപുര സ്വദേശി സുമന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവസേനയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായി മാറിയെന്ന് ഉദ്ധവ് താക്കറെ. അടുത്ത തെരഞ്ഞെടുപ്പിനു തയ്യാറെടുക്കണമെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. ഉദ്ദവ് താക്കറെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിനു ശിവസേനാ പ്രവര്‍ത്തകരാണു മാതോശ്രീയില്‍ എത്തിയത്.
ആര്‍എസ്എസും ബിജെപിയും ഇന്ത്യയെ ‘നാഥുറാം ഗോഡ്സെയുടെ രാജ്യ’മാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമര്‍ശിച്ചു. ചോദ്യം ചെയ്യുന്നവരെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാറും ബിജെപിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന് തേജസ്വി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്നു വിമര്‍ശിച്ച കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ്ജ് സോറോസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രിമാര്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജോര്‍ജ് സോറസിനെ പടുവൃദ്ധന്‍, പണക്കാരന്‍ എന്നിങ്ങനെ വിശേഷിപ്പിച്ചാണു വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി സ്മൃതി ഇറാനിയും വിമര്‍ശിച്ചിരുന്നു.
തമിഴ്‌നാട് സ്വദേശി കര്‍ണാടക വനപാലകരുടെ വെടിയേറ്റു മരിച്ചു. കര്‍ണാടകയിലെ അടിപ്പാലാറിലാണു സംഭവം. മേട്ടൂര്‍ കൊളത്തൂര്‍ സ്വദേശി രാജയാണ് മരിച്ചത്. കുട്ടവഞ്ചിയില്‍ മീന്‍ പിടിച്ചിരുന്ന തൊഴിലാളിയെ വനം വകുപ്പ് വാര്‍ഡന്‍മാര്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ ജനം ഇളകി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംഘര്‍ഷത്തിന് അയവ്.
തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.
താലിബാന്‍ പാകിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം.
യുഎഇയിലേക്കു കുടുംബസമേതം വരുന്നവര്‍ക്ക് ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ ഉന്‍ മകളുമൊത്തു വീണ്ടും പൊതുവേദിയില്‍. ഫുട്‌ബോള്‍ മത്സരം കാണാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയത്. അച്ഛന്‍ കിം ജോംഗ് ഇല്ലിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കാബിനറ്റ് അംഗങ്ങളും പ്രതിരോധ മന്ത്രാലയം ജീവനക്കാരും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടത്തിയത്.