യാത്രക്കിടെ കേള്‍ക്കുന്ന പാട്ടുകള്‍ പോലും മോഷന്‍ സിക്‌നസിനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സില്‍ പ്രസിദ്ധകരിച്ച പഠനത്തില്‍ ദുഖഭാവത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നത് മോഷന്‍ സിക്‌നസ് വഷളാക്കുമെന്ന് വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും തെളിഞ്ഞു. സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്‌നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനമാണ് ലക്ഷണങ്ങള്‍ കുറച്ചത്. പലപ്പോഴും നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പാട്ടുകള്‍. എന്നാല്‍ ഈ സമീപനം യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ക്ക് മോഷന്‍ സിക്‌നസ് വരാന്‍ സാധ്യതയുണ്ടെങ്കില്‍. ആളുകള്‍ക്ക് മോഷന്‍ സിക്‌നസ് അനുഭവപ്പെടുമ്പോള്‍ അവരുടെ തലച്ചോറിലെ ഓക്സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ രീതിയില്‍, മോഷന്‍ സിക്‌നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയും.