പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി ‘ആഡ് ബ്ലോക്കര്‍’ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് യൂട്യൂബില്‍ കൂടിവന്നിട്ടുണ്ട്. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് യൂട്യൂബിനെ ഈ ‘കടുംകൈ’ ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. എന്നാല്‍, 2023-ന്റെ ആദ്യ പാദത്തില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ 2.6% വാര്‍ഷിക ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് പാദങ്ങളിലായി തുടരുന്ന പരസ്യവരുമാനത്തിലെ ഇടിവ് നികത്താനാണ് പുതിയ നീക്കത്തിലൂടെ കമ്പനി ശ്രമിക്കുന്നത്. ഇനി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് വീഡിയോ കാണാന്‍ കഴിയില്ല. ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെടും. അതുപോലൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം, യൂട്യൂബ് സബ്സ്ക്രിപ്ഷനില്ലാതെ എംബഡഡ് പരസ്യങ്ങള്‍ തടയുന്ന തേര്‍ഡ്-പാര്‍ട്ടി ആപ്പായ യൂട്യൂബ് വാന്‍സ്ഡ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരുന്നു.