ആരോഗ്യകരമായ ജീവിതരീതി പിന്തുടര്ന്നാല് ആയുസ്സ് അല്പം കൂടി വര്‍ധിപ്പിക്കാമെന്ന് പഠനം. ജീവിതചര്യയില്‍ ആരോഗ്യകരമായ എട്ട് മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുകയെന്നാണ് ഇല്ലിനോയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മര്‍ദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ പുലര്‍ത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക എന്നിവയാണ് എട്ട് മാറ്റങ്ങള്‍. 2011നും 2019-നും ഇടയില്‍ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. സൈന്യത്തില്‍ നിന്ന് വിരമിച്ച നാല്പതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയില്‍ പ്രായമുള്ള ആളുകളുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. എട്ട് ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതത്തില്‍ പാലിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവായിരുന്നെന്ന് പഠനത്തില്‍ കണ്ടെത്തി. 40 വയസ്സോടെ ഈ ശീലങ്ങള്‍ സ്വീകരിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 24 വര്‍ഷത്തോളം കൂടുതല്‍ ജീവിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും ലഹരിക്ക് അടിമപ്പെടുന്നതും ആയുസ്സ് നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണെന്നും സമ്മര്‍ദം, അമിത മദ്യപാനം, മോശം ഭക്ഷണക്രമം, മതിയായ ഉറക്കമില്ലായ്മ എന്നിവ 20-30 ശതമാനം മരണസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ ഇല്ലാത്തത് മരണസാധ്യത അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചെന്ന് കണ്ടെത്തി. മാനസികാരോഗ്യത്തിനും ആയുസ്സിന്റെ കാര്യത്തില്‍ വലിയ പങ്കുണ്ട്. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകാലമരണസാധ്യത എട്ടുശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.