ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ഫ്ളാഗ്ഷിപ് മോഡലായ എസ് യു 7 പുറത്തിറക്കുമെന്ന് ഷവോമി അറിയിച്ചിരിക്കുന്നു. എസ് യു 7ന്റെ ദൃശ്യങ്ങള്‍ ഷവോമി തന്നെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ആപ്പുകളും ലാപ്ടോപും ഹോം അപ്ലയന്‍സസും സ്‌കൂട്ടറുമെല്ലാം ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോള്‍ വൈദ്യുത കാര്‍ കൂടി എത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വില്‍പനയിലുണ്ടായ കുറവും പുതിയ മേഖലയിലേക്ക് നീങ്ങാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഷവോമിയെ പ്രേരിപ്പിച്ചു. പോര്‍ഷെ, ടെസ്ല തുടങ്ങിയ വന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയുമായാണ് ഷവോമിയുടെ എസ് യു 7ന്റെ വരവ്. ഷവോമിയുടെ സോഫ്റ്റ്വെയര്‍ രംഗത്തെ അനുഭവ പരിചയവും കരുത്തും വെളിവാക്കുന്നതാവും എസ് യു 7ന്റെ ഓപറേറ്റിങ് സിസ്റ്റം. സ്മാര്‍ട്ട്ഫോണുകളും മറ്റു ഹോം അപ്ലയന്‍സസുമായും കാറിനെ ബന്ധിപ്പിക്കാനും സാധ്യതയുണ്ട്. ഏതാണ്ട് പത്തു ദശലക്ഷം ഡോളറാണ്(ഏകദേശം 82.17 കോടിരൂപ) കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദ്യുത കാര്‍ നിര്‍മാണത്തിനായി ഷവോമി ചിലവാക്കിയത്. ഇതും കാറിന്റെ വിലയില്‍ പ്രതിഫലിച്ചേക്കും. ഷവോമി മാത്രമല്ല മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ ഭീമന്മാരായ ആപ്പിളും വൈദ്യുത വാഹന നിര്‍മാണ രംഗത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.