പ്രായമായാലും സ്ത്രീകളില്‍ ഓര്‍മശക്തി നിലനിര്‍ത്താന്‍ ദിവസവും മുട്ട കഴിക്കുന്ന നല്ലതാണെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നാല് വര്‍ഷം നടത്തിയ പഠനത്തില്‍ ദിവസവും മുട്ട കഴിക്കുന്ന പ്രായമായ സ്ത്രീകളില്‍ സെമാന്റിക് മെമ്മറി, വെര്‍ബല്‍ ഫ്ലുവന്‍സി എന്നിവ മികച്ചതാണെന്ന് കണ്ടെത്തി. മുട്ടയില്‍ അടങ്ങിയ കോളിന് സംയുക്തം തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മശക്തി, മസ്തിഷ്ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവ മികച്ചതാക്കും. കൂടാതെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബി6, ബി12, ഫോളിക് ആസിഡ് എന്നിവ മസ്തിഷ്കം ചുരുങ്ങുന്നതും വൈജ്ഞാനിക തകര്‍ച്ച കുറയ്ക്കാനും സഹായിക്കും. 55 വയസിന് മുകളില്‍ പ്രായമായ 890 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. ഇതില്‍ 357 പുരുഷന്മാരും 533 സ്ത്രീകളും ഉള്‍പ്പെടുന്നു. എന്നാല്‍ പുരുഷന്മാരില് മുട്ട കഴിക്കുന്നതു കൊണ്ട് വൈജ്ഞാനിക തകര്‍ച്ച പരിഹരിക്കുന്നതായി കണ്ടെത്താനായില്ലെന്നും ജേര്‍ണല്‍ ന്യൂട്രിയന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ മറവിരോഗം കുറയ്ക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മുട്ടയെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫ. ഡോണ ക്രിറ്റ്സ്-സില്‍വര്‍സ്റ്റീന്‍ പറയുന്നു. സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന അവശ്യ പ്രോട്ടീനും മുട്ട നല്‍കുന്നുവെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയാല്‍ സമ്പന്നമാണ് മുട്ട. മുട്ടയില്‍ അടങ്ങിയ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 12, സെലിനിയം എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് പ്രധാനമാണ്.