ശൈത്യകാലത്ത് കുറച്ചുമാത്രം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് ചുണ്ട് പെട്ടെന്ന് വരണ്ടതായിത്തീരുകയും ചര്‍മ്മത്തിന്റെ പുറംപാളി വിണ്ടുകീറുകയും ചെയ്യുന്നു. ഗ്ലിസറിന്‍, പെട്രോളിയം ജെല്ലി, സിലിക്കണ്‍, കറ്റാര്‍ വാഴ എന്നിവ അടങ്ങിയ ചില ലിപ് ബാമുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ അവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും. ശൈത്യകാലത്ത് വരണ്ട ചര്‍മ്മം കാരണം അധിക എണ്ണ ഉല്‍പാദിപ്പിക്കുകയും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഫേസ് ക്രീമുകളും ബോഡി ലോഷനുകളും ഉപയോഗിക്കുക. തണുത്ത കാറ്റ് നേരിട്ട് തട്ടാതിരിക്കാന്‍ ജക്കറ്റ്, തൊപ്പികള്‍, സ്‌കാര്‍ഫുകള്‍ എന്നിവ പോലുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം നന്നായി മൂടുക. തണുപ്പ് മാത്രമല്ല, ചൂട് നിലനിര്‍ത്താന്‍ നാം ഉപയോഗിക്കുന്ന കൃത്രിമ ചൂടും ശൈത്യകാലത്ത് ചൊറിച്ചിലിന് കാരണമാകും. കൃത്യമായ ഇടവേളകളില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മൃദുവും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചൊറിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ടതും അടരുള്ളതുമായ തലയോട്ടിയാണ് കഠിനമായ ശൈത്യകാലത്തെ മറ്റൊരു ചര്‍മ്മ പ്രശ്നം. തലയോട്ടിയിലെ ചൊറിച്ചിലും അടരുകളും ഒഴിവാക്കാന്‍ പുറത്തുപോകുന്നതിന് മുമ്പ് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. തൊപ്പിയോ സ്‌കാര്‍ഫോ ഉപയോഗിച്ച് തല മറയ്ക്കുക. മഞ്ഞുകാലത്ത് സാധാരണയായി കണ്ടുവരുന്ന മറ്റൊരു ചര്‍മ്മരോഗമാണ് എക്‌സിമ. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എക്സിമ തടയാനായി ദിവസത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കുക.