കപ്പ് ആരടിക്കും?. നാളെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഉയരുന്ന ഒരു ചോദ്യമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയേക്കാളും ബ്രസിലിനേക്കാളും സാധ്യത കൂടുതല്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത് മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിനാണ്. ഫ്രാന്‍സിനോളം മികച്ച നിലവാരത്തില്‍ കളിക്കുന്ന മറ്റൊരു ടീം ഇംഗ്ലണ്ടാണ്. പക്ഷെ ഇവര്‍ തമ്മില്‍ ക്വാര്‍ട്ടറില്‍ തന്നെ ഏറ്റുമുട്ടുന്നതിനാല്‍ കൂടുതല്‍ മികച്ച ടീമായ ഫ്രാന്‍സ് തന്നെ വിജയിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ഈ ലോക കപ്പ് മെസി ഉയര്‍ത്തണമെന്നാണ് കൂടുതല്‍ ആരാധകരുടേയും ആഗ്രഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് ഇത്തവണ ലോകകപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം ഉണ്ടാകണമെന്നാണ് ഭൂരിപക്ഷം പേരുടേയും പ്രാര്‍ത്ഥന. എന്നാല്‍ മെസിയെ മാത്രം ആശ്രയിച്ച് ഇതുവരെയെത്തിയ അര്‍ജന്റീനക്ക് നെതര്‍ലണ്ട്‌സിനെ തോല്‍പിക്കാനാകുമോ? മെസിയുടെ മാന്ത്രിക കാലുകള്‍ അര്‍ജന്റീന – ബ്രസീല്‍ സെമി ഫൈനലിനുള്ള സാധ്യത ഒരുക്കുമോ? നെയ്മര്‍ തിരിച്ചെത്തിയതോടെ മികച്ച ഫോമിലായ ബ്രസീല്‍ ക്രൊയേഷ്യയെ ക്വാര്‍ട്ടറില്‍ തോല്‍പിക്കുമെന്ന് വിശ്വസിക്കാനാണ് ഏറെ പേര്‍ക്കും ഇഷ്ടം. ബ്രസീലും നെയ്മറിന്റെ പ്രകടനത്തെ ആശ്രയിച്ച് മാത്രമാണ് ഇതുവരെയെത്തിയത്. റൊണാള്‍ഡോയെ പുറത്തിരുത്തിയിട്ടും മികച്ച വിജയം നേടിയ പോര്‍ച്ചുഗല്‍ മൊറോക്കോയെ തോല്‍പിച്ച് സെമിയിലെത്തുമെന്ന് കരുതുന്നവരും ഏറെയാണ്. എന്തായാലും നാളെ മുതല്‍ തീപ്പൊരി പാറുന്ന മത്സരങ്ങള്‍ പ്രതീക്ഷിച്ചാണ് ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ്. ഏറ്റവും മികച്ച പ്രകടനത്തോടെ തങ്ങളുടെ സ്വപ്ന ടീം കപ്പടിക്കണമെന്ന പ്രാര്‍ത്ഥനയോടെ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്കായ് കാത്തിരിരിക്കുകയാണ് എല്ലാ ഫുട്‌ബോള്‍ പ്രേമികളും.