തെന്നിന്ത്യന്‍ താരം നയന്‍താരക്ക് കോടികള്‍ വിലയുള്ള പിറന്നാള്‍ സമ്മാനം. തമിഴ് സിനിമാ സംവിധായകനും നയന്‍താരയുടെ ജീവിതപങ്കാളിയുമായ വിഗ്‌നേഷ് ശിവനാണ് ആഡംബര കാര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്. 39-ാം പിറന്നാളിന് ലഭിച്ച അപൂര്‍വ സമ്മാനത്തെക്കുറിച്ചുള്ള സ്നേഹപൂര്‍വമുള്ള കുറിപ്പും ചിത്രങ്ങളും നയന്‍സ് സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയിലും പുറത്തും വലിയ ആരാധകരുള്ളവരാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും. ഇരുവരും 2022ലാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ നവംബര്‍ 18നായിരുന്നു നയന്‍താരയുടെ 39-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ‘ഹാപ്പി ബര്‍ത്ത്ഡേ മൈ തങ്കമ്മേ’ എന്ന് ആശംസിച്ച വിഗ്‌നേഷിന്റെ ഇന്‍സ്റ്റ പോസ്റ്റിന് 21 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. പിറന്നാളും കഴിഞ്ഞ ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ലഭിച്ച അപൂര്‍വ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് നയന്‍താര പറഞ്ഞിരിക്കുന്നത്. മെഴ്സിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 2.69 കോടി മുതല്‍ 3.40 കോടി രൂപ വില വരുന്ന ആഡംബര കാറാണ് വിഗ്‌നേഷ് സമ്മാനിച്ചത്.