അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ഏജന്റിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘വൈല്‍ഡ് സാല’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഘുറാം ആണ്. ഭീംസ് സെസിറോലിയോ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രവണ ഭാര്‍ഗവി, ഭീംസ് സെസിറോലിയോ, സ്വാതി റെഡ്ഡി യുകെ, അമല ചെബോലു എന്നിവരാണ്. മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തില്‍ മലയാളികള്‍ക്കുള്ള പ്രത്യേക താല്‍പര്യം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് ആണ് എത്തുക. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്.