ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ച ചിത്രം ‘തിരുച്ചിദ്രമ്പല’ത്തിലെ വീഡിയോ ഗാനം പുറത്ത്. തേന്‍മൊഴി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സണ്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ്. അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കിയ ഗാനം എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്. സന്തോഷ് നാരായണന്‍ ആണ് ആലാപനം. ഓഗസ്റ്റ് 18നാണ് ‘തിരുച്ചിദ്രമ്പലം’ റിലീസ് ചെയ്തത്. രാഷി ഖന്നയും നിത്യ മേനോനും നായികമാരായി എത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. സെപ്റ്റംബര്‍ 23 മുതല്‍ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്ത ചിത്രം സണ്‍ എന്‍എക്‌സ്ടിയിലാണ് സ്ട്രീം ചെയ്തത്.

പ്രഖ്യാപന സമയം മുതല്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ‘ഗോഡ് ഫാദര്‍’. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം, മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളില്‍ ഒന്നായ ലൂസിഫറിന്റെ റീമേക്ക് ആണ്. നയന്‍താര നായികയായി എത്തിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 100 കോടിയാണ് ചിത്രത്തിന്റെ ഒരാഴ്ചത്തെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം ആകെ നേടിയ ഗ്രോസ് 69.12 കോടിയാണ്. 85 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്, തിങ്കള്‍, ചൊവ്വ, ബുധന്‍. വ്യാഴം എന്നീ ദിവസങ്ങളില്‍ ആകെ 1080 രൂപയാണ് വര്‍ദ്ധിച്ചിരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3940 രൂപയാണ്.

ഡോളറിന് എതിരായ വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 39 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തില്‍ തന്നെയുണ്ടായത്. ഒരു ഡോളറിന് രൂപയുടെ മൂല്യം 82.69. ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളര്‍ കരുത്താര്‍ജിച്ചുവരികയാണ്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ കറന്‍സികളും ദുര്‍ബലമായ അവസ്ഥയിലാണ്. ഇതാണ് രൂപയിലും പ്രതിഫലിച്ചത്. വ്യാഴാഴ്ചയാണ് രൂപ ആദ്യമായി 82ന് മുകളില്‍ എത്തിയത്. വെള്ളിയാഴ്ച വീണ്ടും 13 പൈസയുടെ ഇടിവു രേഖപ്പെടുത്തിയിരുന്നു. രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞു, 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയില്‍ ഫോറെക്‌സ് കരുതല്‍ ശേഖരം 537.5 ബില്യണ്‍ ഡോളറായിരുന്നു.

ഇലക്ട്രിക് ശ്രേണിയില്‍ ഹ്യുണ്ടായ് പരിചയപ്പെടുത്തുന്ന പുത്തന്‍ അവതാരമായ അയോണിക് 6 അവകാശപ്പെടുന്നത് ഉഗ്രന്‍ റേഞ്ച്. ബാറ്ററി ഫുള്‍ചാര്‍ജ് ചെയ്താല്‍ 614 കിലോമീറ്റര്‍ വരെ പോകാമെന്ന് ഹ്യുണ്ടായ് പറയുന്നു. വിപണിയിലെത്തന്നെ ഏറ്റവും ഊര്‍ജക്ഷമതയുള്ള ഇലക്ട്രിക് കാര്‍ ആയിരിക്കും അയോണിക് 6 എന്നും ഹ്യുണ്ടായ് പറയുന്നു. ഈ ഓള്‍ ഇലക്ട്രിക് കാര്‍ ഈവര്‍ഷം യൂറോപ്പ്യന്‍ വിപണിയിലാണ് ആദ്യമെത്തുക. അടുത്തവര്‍ഷം വടക്കേ അമേരിക്കയിലും സാന്നിദ്ധ്യമറിയിക്കും. തുടര്‍ന്നാകും ഇന്ത്യയിലുള്‍പ്പെടെ എത്തുക. 18 മിനിട്ടുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാവുന്ന അള്‍ട്രാഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം അയോണിക് 6ന്റെ സവിശേഷതയാണ്.

മലയാളത്തനിമയുടെ വളപ്പശിമയില്‍ വേരാഴ്ത്തിപ്പടരാന്‍ കാല നിയോഗാനുഗ്രഹം സിദ്ധിച്ച ബര്‍മ്മക്കാരന്‍ പയ്യന് പിതൃഭൂമിയണച്ചു പൂട്ടിക്കനിഞ്ഞ് ചുരത്തിയ സ്‌നേഹശീതളിമകള്‍ കഥയുടെയും കലയുടെയും തൊട്ടറിവുകള്‍. ‘തുടക്കം നെഞ്ചടിപ്പോടെ’. യു എ ഖാദര്‍. സൈകതം ബുക്‌സ്. വില 117 രൂപ.

ഇന്ന് ലോക മാനസികാരോഗ്യ ദിനം. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇത്തരത്തിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ഫോളേറ്റ്’ എന്ന വിറ്റാമിന്‍ – ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. അതിനാല്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി- യുടെ മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങള്‍. ഇത് സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച്, ഓറഞ്ച്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്‌ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് മനസ്സിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഞ്ഞള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ അവശ്യ ആസിഡുകളാല്‍ സമ്പന്നമാണ് അവക്കാഡോ. നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.41, പൗണ്ട് – 91.30, യൂറോ – 79.97, സ്വിസ് ഫ്രാങ്ക് – 82.61, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.00, ബഹറിന്‍ ദിനാര്‍ – 218.52, കുവൈത്ത് ദിനാര്‍ -265.46, ഒമാനി റിയാല്‍ – 213.98, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.91.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *