വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അദാനിയും സര്‍ക്കാരും തയാറാകണം. അദാനിയുമായി സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റണം. തുറമുഖ നിര്‍മാണം കാരണം തീരശോഷണം ഉണ്ടായി. സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഭരണസ്തംഭനത്തിനു പരിഹാരം. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ തകരാര്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ പരിഹരിച്ചു. ഇ ഓഫീസ് സോഫ്റ്റ്വെയര്‍ തകരാര്‍മൂലം വെള്ളിയാഴ്ച ഉച്ചമുതല്‍ ഫയല്‍നീക്കം സ്തംഭിച്ചിരിക്കുകയായിരുന്നു. സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റല്‍ ഫയലുകള്‍ തുറക്കാനായിരുന്നില്ല.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍. ജയലളിതയ്ക്കു ഹൃദയ ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ശശികല അനുവദിച്ചില്ല. 2012 മുതല്‍ ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ല. 2016 സെപ്റ്റംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ എല്ലാം രഹസ്യമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തമിഴ്നാട് നിയമസഭയില്‍ വച്ചു.
തെരഞ്ഞെടുപ്പു ദിവസം അവധിയെടുത്ത് വോട്ടു ചെയ്യാത്തവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് ചെയ്യാന്‍ അവധിയെടുത്ത് വോട്ട് ചെയ്യാത്തവരുടെ പേരു പ്രസിദ്ധീകരിക്കാന്‍ ഗുജറാത്തിലെ ആയിരത്തിലേറെ വ്യവസായ സ്ഥാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധാരണാ പത്രം ഒപ്പിട്ടു.
ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമനിര്‍മ്മാണത്തിന്റെ പുരോഗതി രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് സ്റ്റേറ്റ് അറ്റോണിയോട് കോടതി നിര്‍ദ്ദേശിച്ചു.
എകെജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്. സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ് എന്നിവര്‍ക്കെതിരേയാണ് ലുക്ക്ഔട്ട് നോട്ടീസ്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനും എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കി. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങളും മദ്യക്കുപ്പിയും കണ്ടെടുത്തെന്നും പോലീസ്.
നെല്ലു സംഭരണത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷക സമരം. പാഡി ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. മില്ലുകള്‍ക്കു വന്‍ സൗജന്യം നല്‍കുന്ന വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ക്വിന്റലിന് അഞ്ചു കിലോ നെല്ല് സൗജന്യമായി നല്‍കണം, ഈര്‍പ്പം 17 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഒരു കിലോ വീതം കൂടുതല്‍ നല്‍കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ഇതംഗീകരിച്ചാല്‍ ക്വിന്റലിന് 4000 രൂപ വരെ നഷ്ടമെന്ന് കര്‍ഷകര്‍.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനമേല്‍ക്കും. മാളികപ്പുറം മേല്‍ശാന്തിയായി കോട്ടയം വൈക്കം സ്വദേശി ഹരിഹരന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു.
നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല പറഞ്ഞെന്നു പോലീസ്. ഒരു വര്‍ഷം മുമ്പ് എറണാകുളത്തു കൊലപാതകം നടത്തി മാംസം വിറ്റെന്നു ഷാഫി പറഞ്ഞെന്നാണു മൊഴി. എന്നാല്‍ ലൈലയേയും ഭഗവത് സിംഗിനേയും വിശ്വസിപ്പിക്കാന്‍ പറഞ്ഞ കളളമാണെന്നാണ് ഷാഫിയുടെ വിശദീകരണമെന്നു പൊലീസ്. നരബലിക്കു പിന്നില്‍ അവയവ മാഫിയയെന്ന പ്രചരണം പൊലീസ് തള്ളി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സര്‍ക്കാര്‍ നിലപാട് ക്രൂരമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. 2017 നു ശേഷം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഡേ കെയര്‍ സംവിധാനം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ വോട്ടു ചെയ്ത് ജയിച്ചെത്തിയ തങ്ങള്‍ക്ക് ഗവര്‍ണറെ പേടിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണെന്ന് ഓര്‍ക്കണം. കൈരേഖയാണ് ഗവര്‍ണര്‍ കാണിക്കുന്ന രേഖ എന്ന വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു. മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കാനാണു ചിലര്‍ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ചില നിക്ഷിപ്ത താല്‍പ്പര്യക്കാണ് ഇതിനു പിന്നില്‍. വിവാദങ്ങള്‍ അവഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ എസ് യു പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത് രാജിവയ്ക്കുന്നു. 2017 ല്‍ രണ്ടു വര്‍ഷത്തേക്കാണ് അഭിജിത് ചുമതലയേറ്റത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതിനെ തുടര്‍ന്നാണ് രാജി.
തോട്ടം തൊഴിലാളി രാഷ്ട്രീയ രംഗത്തും തൊഴിലാളിയായി നിന്നാല്‍ മതിയെന്ന എം.എം. മണിയുടെ നിലപാട് അദ്ദേഹത്തിന്റേതല്ല, പിറികില്‍നിന്ന് പറയിപ്പിക്കുന്നവരുടേതാണെന്ന് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. തന്നെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത മണിക്ക് അതിനു കഴിയുമോയെന്നും രാജേന്ദ്രന്‍ ചോദിച്ചു.