ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ട്രേസ മോട്ടോഴ്സ് വിഒ.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. പ്രോട്ടോടൈപ്പ് മോഡലായാണ് ട്രേസ അവരുടെ വിഒ.2 ഇലക്ട്രിക് ട്രക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2026ല്‍ ഈ വൈദ്യുത ട്രക്ക് പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്സിന്റെ ശ്രമം. സുരക്ഷയും പെര്‍ഫോമെന്‍സും മെച്ചപ്പെടുത്തുന്നതിന് സെന്‍ട്രലൈസ്ഡ് കമ്പ്യൂട്ടിങ് യൂണിറ്റുമായാണ് ട്രേസ വിഒ.2 വിന്റെ വരവ്. സാധാരണ ആധുനിക വൈദ്യുത വാഹനങ്ങളില്‍ നൂറു കണക്കിന് ഇസിയുകള്‍ ഉള്‍പ്പെടുന്നതാണ് കണ്‍ട്രോള്‍ സിസ്റ്റം. 300കിലോവാട്ട്അവര്‍ ബാറ്ററിയാണ് ട്രേസ വിഒ.2വില്‍ ഉപയോഗിച്ചിരിക്കുന്നത്. വെറും ഇരുപതു മിനുറ്റുകൊണ്ട് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതികവിദ്യയും ട്രേസ ഈ വാഹനത്തിനായി അവതരിപ്പിച്ചിരിക്കുന്നു. റേഞ്ച് 350 കിമി. ഐപി69 റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വിഒ.2വില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്രക്ക് ഓടുന്ന സമയത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും വിവരശേഖരണം നടത്താന്‍ ടെലിമെട്രി സംവിധാനവും ട്രേസ വിഒ.2വിലുണ്ടാവും. ഈ വിവരങ്ങള്‍ പിന്നീട് വിശകലനം ചെയ്ത് വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. ബെംഗളുരു ആസ്ഥാനമായി 2022ല്‍ സ്ഥാപിച്ച കമ്പനിയാണ് ട്രേസ മോട്ടോഴ്സ്.