judge

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ ജയിലിലാകുമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ശ്രീകൃഷ്ണ. ജഡ്ജിയുടെ വാക്കുകള്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. മോദിയെ വിര്‍മശിച്ചാല്‍ വീട്ടില്‍ റെയ്ഡ് നടക്കുമെന്നും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജയിലിനകത്തിടുമെന്നും  ഈ സാഹചര്യത്തെ എതിര്‍ക്കേണ്ടതാണെന്നുമാണ് മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീകൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞത്.

രാജ്യത്തെ ബിജെപി ഭരണം രണ്ടു പേര്‍ക്കുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങളും വൈദ്യതി സേവനവും തുറമുഖങ്ങളുമെല്ലാം ഈ രണ്ടു പേര്‍ക്കു നല്‍കുകയാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ്. വന്‍കിട വ്യവസായികളുടെ കടം സര്‍ക്കാര്‍ എഴുതി തള്ളുന്നു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒന്നുമില്ല. അതുകൊണ്ട് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി. കര്‍ഷകരുടെ ശക്തി കണ്ട് മോദി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു. വിലക്കയറ്റത്തിനെതിരേ ഡല്‍ഹി രാംലീല മൈതാനത്തു നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ കിരീടം ചൂടി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും കരസ്ഥാമാക്കി. ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4:30:77 മിനിറ്റ് എടുത്താണ് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്‍റ് തൊട്ടത്. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. മന്ത്രി കെ എൻ ബാലഗോപാലാണ് മുഖ്യമന്ത്രിയുടെ അഭാവത്തില്‍  മത്സരം ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി കെ ജോഷി മുഖ്യാതിഥിയായി. കൊവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന വള്ളംകളിയായതിനാൽ  ആയിരങ്ങളാണ് കാണാൻ എത്തിയത്.

ഇന്ത്യ 2029 ല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2014 ല്‍ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. 15 വര്‍ഷം കൊണ്ടാണ് ഇപ്പോഴത്തെ മുന്നേറ്റം കൈവരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്.

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. മിസ്ത്രി സഞ്ചരിച്ച മെഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്കു കുറുകെയുള്ള ഛറോത്തി പാലത്തിനു സമീപമായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചിച്ചു.

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ്.എസ് പ്രതീഷിനെ  സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടയിലാണ് ഡയറക്ടർ വിദ്യാർത്ഥിനിയോട്  അപമര്യാദയായി പെരുമാറിയത് എന്ന് പരാതി ലഭിച്ചത്. തുടർന്ന്  ഡയറക്ടറെ സസ്‌പെൻഡ് ചെയ്തു. ഡോ. എസ് എസ് പ്രതീഷ് ക്യാമ്പസില്‍ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വിലക്കിക്കൊണ്ട്  വൈസ് ചാൻസര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം പാലോടില്‍ 10 പേരടങ്ങുന്ന സംഘം  മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. നെടുമങ്ങാടുനിന്നുള്ള മൂന്ന് കുടുംബങ്ങളിലുള്ള എട്ടുപേരെ രക്ഷിച്ചു. ആറു വയസുള്ള കുഞ്ഞിനെയും അമ്മയെയും കണ്ടെത്താനായില്ല. രണ്ടുപേരെ മറുകരയില്‍നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *