ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിന്‍സി’ന്റെ ട്രെയിലര്‍ പുറത്ത്. ഒരു ഇന്ത്യന്‍ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 21ന് തിറ്ററുകളില്‍ എത്തും. അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സിന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റര്‍ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നാണ് വിവരം. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിന്‍സി’ന്റെ സംഗീത സംവിധാനം തമന്‍ എസ് ആണ്. സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോണ്‍സ്റ്ററിന്റെ ട്രെയിലറും റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ട്രെയിലര്‍ ട്രെന്റിങ്ങില്‍ ഇടംപിടിച്ചിരിക്കുന്നത്. ‘ഒരു മില്യണ്‍ കാഴ്ചക്കാരും ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

സെപ്തംബറില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 7,600 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ച വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഈമാസം ആദ്യ ആഴ്ചയില്‍ 2,440 കോടി രൂപയുടെ നിക്ഷേപവുമായി തിരിച്ചെത്തി. ജൂലായില്‍ 5,000 കോടി രൂപയും ആഗസ്റ്റില്‍ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് എഫ്.പി.ഐ സെപ്തംബറില്‍ 7,600 കോടി രൂപ പിന്‍വലിച്ചത്. 2022ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ആകെ പിന്‍വലിക്കപ്പെട്ട എഫ്.പി.ഐ നിക്ഷേപം 1.68 ലക്ഷം കോടി രൂപയാണ്. ഈമാസത്തെ ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ കടപ്പത്രവിപണിയില്‍ നിന്ന് 2,950 കോടി രൂപയും എഫ്.പി.ഐ പിന്‍വലിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പു സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ എട്ടുവരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 24 ശതമാനം മുന്നേറി 8.98 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതി, എസ്.ടി.ടി എന്നിവയില്‍ 32 ശതമാനവും കോര്‍പ്പറേറ്റ് നികുതിയില്‍ 16.73 ശതമാനവുമാണ് ഇക്കുറി വരുമാനവളര്‍ച്ച. റീഫണ്ടുകള്‍ കിഴിച്ചുള്ള പ്രത്യക്ഷനികുതി വരുമാനം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ എട്ടുവരെ 7.45 ലക്ഷം കോടി രൂപയാണ്; നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 52.46 ശതമാനമാണ്. നടപ്പുവര്‍ഷം ഇതുവരെ 1.53 ലക്ഷം കോടി രൂപയാണ് നികുതി റീഫണ്ട് നല്‍കിയത്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ വര്‍ദ്ധന 81 ശതമാനം.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എംടി 15 വി 2 ന്റെ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചു. മോട്ടോര്‍സൈക്കിളിന്റെ എല്ലാ വര്‍ണ്ണ വകഭേദങ്ങളും ഇപ്പോള്‍ മുമ്പത്തേക്കാള്‍ 500 രൂപ കൂടുതലാണ്. മറ്റെല്ലാ മേഖലകളിലും എംടി 15 വി2 മാറ്റമില്ലാതെ തുടരുന്നു. 18.14ബിഎച്ച്പി കരുത്തും 14.1എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ആര്‍15ലെ 155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും സഹിതം ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. മുന്‍വശത്ത് കുത്തനെ നില്‍ക്കുന്ന ഫോര്‍ക്കുകളും അലുമിനിയം സ്വിംഗാര്‍മും പോലുള്ള ഘടകങ്ങളുള്ള എംടി 15 തികച്ചും പ്രീമിയമാണ്.

ലോകത്തെ മാറ്റിമറിക്കുന്നതും ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണായകമായി സ്വാധീനിക്കുകയും ചെയ്യുന്ന ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ച് ഊര്‍ജ്ജസ്വലമായ മനസ്സുകളില്‍ അറിവുപകരാനായിഎ.പി.ജെ. അബ്ദുള്‍ കലാമും എ. ശിവതാണുപിള്ളയും ചേര്‍ന്ന് രചിച്ച ഗ്രന്ഥം. അത്യന്താധുനികവും ഭാവിയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നതുമായ പത്ത് സവിശേഷമായ സാങ്കേതികവിദ്യകള്‍ ഈ പുസ്തകത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്യുന്നു. ‘നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍’. ഡോ എ പി ജെ അബ്ദുള്‍ കലാം. അഞ്ചാം പതിപ്പ്. ഡിസി ബുക്‌സ്. വില 389 രൂപ.

കോവിഡ് രോഗികളില്‍ പാനിക് അറ്റാക്ക് അഥവാ അമിതമായ ഉത്കണ്ഠ വര്‍ധിച്ചു വരുന്നതായി പഠനം. വിവാഹിതരില്‍ ഇത് കൂടുതലാണെന്നും കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഏഷ്യന്‍ പസഫിക് ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഹൃദയമിടിപ്പ് വര്‍ധിക്കല്‍, ശ്വാസതടസ്സം, പേശികളുടെ പിരിമുറുക്കം, നെഞ്ചിലെ അസ്വസ്ഥതകള്‍, അമിതമായ വിയര്‍പ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങളോടൊപ്പം പെട്ടെന്നുണ്ടാകുന്ന അമിതമായ ആശങ്കയും വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകളും പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. ശ്വാസതടസ്സവും നെഞ്ചുവേദനയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാല്‍തന്നെ അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ പലരിലും ഇത് ഹൃദയാഘാതമായി കരുതാറുണ്ട്. എന്നാല്‍ ഇസിജി ഉള്‍പ്പടെയുള്ള പരിശോധനകളില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണമായിരിക്കും. അതിനാല്‍തന്നെ ശരിയായ രോഗനിര്‍ണയം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു പാനിക് അറ്റാക്കിന്റെ ദൈര്‍ഘ്യം ഏതാനും സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ അനുഭവപ്പെടാം. എന്നാല്‍ സാധാരണയായി ലക്ഷണങ്ങള്‍ ആരംഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ഏകദേശം 30 മിനിറ്റു വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. തീവ്രതയോടെ പാനിക് അറ്റാക്ക് വരുമോയെന്ന ഭയമുണ്ടാകുകയും ചെയ്യുമ്പോഴാണ് പാനിക് ഡിസോര്‍ഡറിനുള്ള സാധ്യതയുണ്ടാകുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ജോലിയുള്ളവരും തൊഴില്‍രഹിതരുമായ രോഗികളിലും പാനിക് ഡിസോര്‍ഡറിന്റെ വ്യാപനം ഏതാണ്ട് തുല്യമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് ശാരീരിക – മാനസിക രോഗങ്ങളുള്ള രോഗികളില്‍ പാനിക് ഡിസോര്‍ഡറിന്റെ വ്യാപനം കൂടുതലാണെന്നും പഠനത്തിലുണ്ട്. പുകവലിക്കാരില്‍ വ്യാപനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ശ്വസന വ്യായാമങ്ങളിലൂടെയും ഇതിന് പരിഹാരം കണ്ടെത്താനാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *