പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ കിരൺ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെക്കുകയും കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തതിന് സ്കൂൾ അധികൃതർക്കതിരെയും നടപടി. വിവരം അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് വിളിച്ച് വരുത്തി പരാതിനൽകാതിരിക്കാൻ അധികൃതർ നിർബന്ധിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പിലെ സെക്ഷൻ 21 പ്രകാരമാണ് പ്രിൻസിപ്പൽ അടക്കമുള്ള മൂന്ന് അധ്യാപകർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്രവാഹനത്തിലാണ് അധ്യാപകനൊപ്പം കുട്ടി പോയത്. രാത്രി കലോത്സവം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അധ്യാപകൻ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം തൊട്ടടുത്ത ദിവസം സ്കൂൾ പ്രിൻസിപ്പൽ അടക്കം അറിഞ്ഞു. അമ്മയെ സമ്മർദ്ദത്തിലാക്കി പരാതി മൂടിവെക്കാനാണ് ഇവർ ശ്രമിച്ചത്.
വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ അധ്യാപകൻ നാട് വിട്ടു. ഇയാളെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടികൂടി. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു