politics sc1

തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ നല്‍കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്‍വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നു പരിശോധിക്കണം.  വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന്  കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയതിനു സിപിഎമ്മില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനകേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം. ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി രജിസ്ട്രാര്‍ക്കു പരാതി നല്‍കുമെന്ന് ഇരയായ യുവതി പറഞ്ഞു.

കൊച്ചിയിലെ ഫ്‌ളാറ്റ് കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കര്‍ണാടകത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. അര്‍ഷാദ് സ്ഥലംവിടാന്‍ ഉപയോഗിച്ച അംജതിന്റെ സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയ്‌ക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത് അഞ്ചു പേരാണ്. മൂന്നു പേര്‍ കൊടൈക്കെനാലിലേക്കു വിനോദയാത്ര പോയി. ഇവര്‍ സജീവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സജീവെന്ന വ്യാജേനെ ചാറ്റു ചെയ്തത് അര്‍ഷാദായിരുന്നു. ഫ്‌ളാറ്റിലേക്കു വരേണ്ടെന്നാണ് സജീവിന്റെ ഫോണിലൂടെ അര്‍ഷാദ് പറഞ്ഞത്. എന്നാല്‍ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ല. സംശയം തോന്നിയ സുഹൃത്തുക്കള്‍ ഫ്‌ളാറ്റിലെ കെയര്‍ ടേക്കറെ വിട്ട് അന്വേഷിപ്പിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആഘോഷിച്ച് കേരളം. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യവുമായി ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടുമെന്നാണ് പ്രഖ്യാപനം. എല്ലാ ചടങ്ങുകളും മൊബൈലില്‍ ചിത്രീകരിച്ച് വാട്‌സാപ് ഗ്രൂപ്പുകളിലൂടേയും യൂ ട്യൂബ് ചാനലിലൂടേയും അപ്‌ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം.

ബഫര്‍ സോണ്‍ വിഷയത്തില്‍ കരിദിനവുമായി കര്‍ഷക സംഘടനകള്‍. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ 61 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയു നേതൃത്വത്തിലാണ് കരിദിനം. ജില്ലാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.

വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം രണ്ടാം ദിവസത്തേക്കു കടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പൂവാര്‍, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്. 31 ാം തീയതി വരെ സമരം തുടരുംം. തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗവും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ തെരഞ്ഞെടുത്ത് അഭിമുഖത്തിലെ മികവു പരിഗണച്ചാണെന്നും നിയമന ഉത്തരവ് രണ്ടു ദിവസത്തിനകമെന്നും വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

സര്‍വകലാശാലകളില്‍ സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 25 വര്‍ഷത്തെ  അധ്യാപന  പരിചയമുള്ള  ആളെ  രണ്ടാം സ്ഥാനക്കാരനാക്കി. സര്‍വകലാശാല  നിയമനങ്ങള്‍  പിഎസ് സിക്ക് വിടണം. വിസി നിയമന നടപടികള്‍ മാറ്റുന്നതും  ഇഷ്ടക്കാരെ നിയമിക്കാനാണെന്നു സതീശന്‍.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *