വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല സമാപനം നാളെ. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നടത്താതിരുന്ന വാരാഘോഷത്തില്‍ വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ദീപാലങ്കാരങ്ങളും, ഭക്ഷ്യമേളകളും പ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം ഭീമമായി വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി രൂപ അധികമാണിത്.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 14 വരെ തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് മോദി നീരസം പ്രകടിപ്പിച്ചത്. കടലാസിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നു വിലയിരുത്തി. അനുകാല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
ഓണാവധി തീര്‍ന്ന് ഓഫീസുകളും വിദ്യാലയങ്ങളും ഇന്നു തുറക്കും. യഥാസമയം എത്തുന്നതിന് ഇന്നലെ മുതല്‍ ട്രെയിനുകളില്‍ വന്‍തിരക്ക്. ടിക്കറ്റ് കൗണ്ടറകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന സമ്മേളനത്തിലേക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന് ക്ഷണമില്ല. ഉദ്ഘാടന സമ്മേളനത്തിലും ഗവര്‍ണറെ പങ്കെടുപ്പിച്ചില്ല. ഓണം വാരാഘോഷ സമാപന ചടങ്ങില്‍ സാധാരണ ഗവര്‍ണര്‍മാരാണ് വിശിഷ്ടാതിഥികളായി പങ്കെടുക്കാറുള്ളത്. സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറെ എല്ലാ പരിപാടികളില്‍നിന്നും തഴഞ്ഞത്.
തൃശൂരില്‍ പുലിക്കളി കാണാന്‍ ജനസഹസ്രങ്ങള്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ള പുരുഷാരത്തിനിടയിലൂടെ പുലികള്‍ തുള്ളിയാടിയപ്പോള്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അഞ്ചു ടീമുകളിലായി മുന്നൂറോളം പുലിവേഷധാരികളാണു നൃത്തമാടിയത്. മനോഹരമായ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു.
ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം വിജയം നേടി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, ളാകഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.
ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി ഫ്‌ളൈറ്റുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റിയിട്ടുമുണ്ട്. മംഗലാപുരത്തുനിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി.