കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവാദ ചിത്രങ്ങളില്‍ ഒന്നാണ് ‘ദ കേരള സ്റ്റോറി’. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം മലയാള സിനിമയെ മുള്‍മുനയിലാക്കിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആസ്പദമാക്കി ഒരുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സുദീപ്തോ സെന്‍ തള്ളിയിട്ടുണ്ട്. ഈ വാര്‍ത്തകള്‍ എവിടുന്ന് വന്നുവെന്ന് അറിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. കേരളാ സ്റ്റോറിയുടെ സീക്വല്‍ ഉണ്ടാകും തിരക്കഥ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല ഒരുങ്ങുന്നത് എന്ന് സുദീപ്തോ സെന്‍ വ്യക്തമാക്കി. അതേസമയം, 2023ല്‍ റിലീസ് ചെയ്ത കേരളാ സ്റ്റോറി 303.97 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. അദാ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായത്. ചിത്രം ബംഗാളിലും തമിഴ്നാട്ടിലും ആദ്യം നിരോധിക്കുകയും പിന്നീട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.