കേരളത്തിലും സ്വര്‍ണ വില താഴേക്ക്. ഗ്രാം വില 35 രൂപ ഇടിഞ്ഞ് 6,780 രൂപയിലും പവന്‍ വില 280 രൂപ ഇടിഞ്ഞ് 54,240 രൂപയിലുമാണ് ഇന്ന് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും 30 രൂപ കുറഞ്ഞ് 5,630 രൂപയിലെത്തി. വെള്ളി വില വീണ്ടും താഴുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 96 രൂപയിലാണ് വ്യാപാരം. രാജ്യാന്തര തലത്തില്‍ സ്പോട്ട് വെള്ളി മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് ഔണ്‍സിന് 29.17 ഡോളറായിരുന്നു. മൂന്നാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 480 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച പവന് ഒറ്റയടിക്ക് 720 രൂപ കൂടിയിരുന്നു. അന്ന് പവന് 55,000 രൂപയും ഗ്രാമിന് 6,875 രൂപയുമായിരുന്നു. അതുമായി നോക്കുമ്പോള്‍ 760 രൂപ കുറഞ്ഞാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം. ബുധനാഴ്ച ഔണ്‍സിന് 2,483.60 ഡോളറെന്ന സര്‍വകാലറെക്കോഡിലെത്തിയ രാജാന്ത്യര സ്വര്‍ണ വില ലാഭമെടുപ്പ് ശക്തമായതോടെ പിന്നീട് ഇടിവിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ രണ്ട് ശതമാനത്തോളമിടിഞ്ഞ് സ്വര്‍ണവില ഔണ്‍സിന് 22,400 ഡോളറിലെത്തി. ഡോളര്‍ ശക്തിയാര്‍ജിച്ചതും 10 വര്‍ഷ കടപ്പത്രങ്ങളുടെ നേട്ടം വര്‍ധിച്ചതും മഞ്ഞ് ലോഹത്തിന് മങ്ങല്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇനിയും ചാഞ്ചാട്ടം തുടര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.