മലപ്പുറം തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി . ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേർ മരിച്ചിരുന്നു. കക്ക വാരാൻ പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
തിരൂരിലെ പുറത്തൂരിലാണ് അപകടമുണ്ടായത്. ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കൂട്ടത്തിൽ കാണാതായ സലാമിന്റെയും അബൂബക്കറിന്റെയും മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്.നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടം. തോണിയിൽ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകൾ രക്ഷപ്പെട്ടു.