കാളിദാസ് ജയറാമിനെ നായകനാക്കി വിനില്‍ സക്കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘രജനി’എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകര്‍ക്കരികില്‍. ‘കണ്ണുനീര്‍ തുള്ളികള്‍’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച പാട്ടിന് ഫോര്‍ മ്യൂസിക് ഈണമൊരുക്കി. ഹരിത ബാലകൃഷ്ണന്‍ ആണ് ഗാനം ആലപിച്ചത്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘രജനി’ ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും. വിനില്‍ സ്‌കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ചിത്രത്തില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.