വിവാദചിത്രം ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതുവരെ ഇങ്ങനെ കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സിനിമയിലൂടെ പറയുന്നത്. നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ഏറെ വിവാദമായിരുന്നു. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ആദാ ശര്‍മയാണ് നായികാവേഷത്തിലെത്തുന്നത്. ‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. താന്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്, ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ് എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിപുല്‍ അമൃത്‌ലാല്‍ ആണ്.