vc 1

ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞിട്ടില്ല. അവധിദിവസമായിട്ടും വൈകുന്നേരം പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍.

ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിനും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മിനിമം യോഗ്യതയായ 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറി. ഇതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ പകുതിയിലേറെപ്പേരും ഋഷി സുനകിനെ പിന്തുണച്ചു. ലിസ് ട്രസ് രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.

തന്റെ അന്ത്യശാസനമനുസരിച്ചു രാജിവയ്ക്കാത്ത വൈസ് ചാന്‍സലര്‍മാര്‍ക്കു നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വരും. വിസിമാര്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം എന്നതാണ് പ്രശ്‌നം. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്ഭവനില്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനു നാലു മാധ്യമങ്ങളുടെ ലേഖകര്‍ക്കു പ്രവേശനാനുമതി നിഷേധിച്ചു. തന്നെ നിശിതമായി വിമര്‍ശിക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കാണ് അനുമതി നിഷേധിച്ചത്. വാര്‍ത്താസമ്മേളനത്തിനു വരാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ നല്‍കണമെന്ന നിര്‍ദേശമനുസരിച്ച് ഇവരും അപേക്ഷ നല്‍കിയെങ്കിലും പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.

പാര്‍ട്ടി കേഡറുകള്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതു തടയാനാണ് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്ഭവനുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത തിരുത്താത്തതിനാലാണ് നാലു മാധ്യമങ്ങള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചത്. ഭരിക്കുമ്പോള്‍ ‘കടക്കൂ പുറത്ത്’ എന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ ‘മാധ്യമ സിന്‍ഡിക്കറ്റ്’ എന്നും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതു താനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരാണ് അവര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാന്‍ നിയമിച്ചതല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ തന്റെ നടപടിയില്‍ മന്ത്രിക്കു പ്രശ്‌നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന്‍.

സര്‍വകലാശാലകള്‍ക്കു സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡിജിപിക്കു കത്തു നല്‍കി. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

അധികാരപരിധി വിട്ട് ഒരിഞ്ചു മുന്നോട്ടു പോകാമെന്നു കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി ഇടപെടലിനു പിറകേ ഗവര്‍ണര്‍ക്കു താക്കീതുമായാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ചട്ടവും കീഴ്‌വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാലു മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മാധ്യമ വിലക്ക് പിന്‍വലിക്കണം. സതീശന്‍ ആവശ്യപ്പെട്ടു.

വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെസി വേണുഗോപാലിന്റെയും കെപിസിസിയുടെയും നിലപാട് ഒന്നാണ്. വേണുഗോപാല്‍ ഗവര്‍ണര്‍ക്കെതിരേ പ്രതികരിച്ചതു ചൂണ്ടിക്കാണിച്ചപ്പോള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും പറഞ്ഞതന്നാണ് സുധാകരന്റെ വിശദീകരണം.

ഇന്നു സൂര്യഗ്രഹണം. വൈകുന്നേരം അഞ്ചു മുതല്‍ 6.20 വരെയാണ് സൂര്യഗ്രഹണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *